മലയാളികളെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന മറിമായം ടീം സിനിമയുമായി എത്തുന്നു. മറിമായം പരമ്പരയുടെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ചേർന്ന് ഒരുക്കുന്ന ചിത്രത്തിന് കൊച്ചിയിൽ തുടക്കമായി. പഞ്ചായത്ത് ജെട്ടി എന്നാണ് സിനിമയുടെ പേര്. കൊച്ചി കലൂർ ഐഎംഎ ഹാളിൽ നടന്ന ചടങ്ങിൽ വച്ചാണ് സിനിമയ്ക്ക് തുടക്കം കുറിച്ചത്.
പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട് ആദ്യ ഭദ്രദീപം തെളിയിച്ചു. ലാൽജോസ്, ലിബർട്ടി ബഷീർ, ഷാഫി, സലിം കുമാർ എ കെ സാജൻ എന്നിവരും മറിമായം ടീമും ചടങ്ങിൽ പങ്കെടുത്തു. സത്യൻ അന്തിക്കാട് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ, നാദിർഷ ഫസ്റ്റ് ക്ലാപ്പ് അടിച്ചു. മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്നാണ് തിരക്കഥ രചിച്ച് ചിത്രം സംവിധാനം ചെയ്യുന്നത്.
പുലിവാൽക്കല്യാണം, പഞ്ചവർണ്ണ തത്ത, ആനക്കള്ളൻ, ആനന്ദം പരമാനന്ദം എന്നി ചിത്രങ്ങൾക്ക് ശേഷം സപ്ത തരംഗ് ക്രിയേഷൻസും ഗോവിന്ദ് ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് പഞ്ചായത്ത് ജെട്ടി. പ്രേം പെപ്കോ, ബാലൻ കെ മങ്ങാട്ട് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്.















