കൊല്ലം: പിഴ അടയ്ക്കാതെ നിരത്തിൽ പാഞ്ഞ് എഐ ക്യാമറയിൽ കുടുങ്ങിയ പോലീസ് വാഹനം. കൊല്ലം സിറ്റി പോലീസിന്റെ കൺട്രോൾ റൂമിലെ സിആർവി8 വാഹനമാണ് തുടർച്ചയായി നിയമലംഘനം നടത്തി നിരത്തിൽ കറങ്ങുന്നത്. ചവറ പോലീസ് സ്റ്റേഷൻ പരിധിയിലെ കൺട്രോൾ റൂമിലെ വാഹനം 31 തവണയാണ് നിയമം ലംഘിച്ചത്. 23,000 രൂപയാണ് പിഴ ഇനത്തിൽ അടയ്ക്കാനുള്ളത്.
സംസ്ഥാന പോലീസ് മേധാവിയുടെ പേരിലാണ് വാഹനം. ചവറ ടൈറ്റാനിയം ജംഗ്ഷനിലെ എഐ ക്യാമറയിലാണ് വാഹനം പതിഞ്ഞത്. യാത്രക്കാർ സീറ്റ് ബെൽറ്റ് ഇടാത്ത കുറ്റത്തിനാണ് ഏറെയും പിഴ ഈടാക്കിയിരിക്കുന്നത്. കഴിഞ്ഞ ജൂൺ 15 മുതൽ ഒക്ടോബർ 26 വരെ പിഴ ഇനത്തിൽ 23,000 രൂപ അടയ്ക്കാനുള്ളപ്പോൾ കേവലം 2,500 രൂപ മാത്രമാണ് അഞ്ച് തവണയായി അടച്ചിട്ടുള്ളത്.
പോലീസ് മേധാവിയുടെ പേരിലാണ് പിഴ വരുന്നത്. പോലീസ് വകുപ്പിലെ വാഹനങ്ങൾ ഗതാഗതനിയമം ലംഘിച്ചാൽ മോട്ടോർവാഹനവകുപ്പ് ചുമത്തുന്ന പിഴത്തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തന്നെ അടയ്ക്കണമെന്നാണ് ഡിജിപിയുടെ ഉത്തരവ്. എന്നാൽ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തിയാണ് ഉദ്യോഗസ്ഥർ വാഹനങ്ങളുമായി പായുന്നത്.