ട്രെയിനിൽ ഒരിക്കലെങ്കിലും യാത്ര ചെയ്യാത്തവരായി ആരും കാണില്ല. ട്രെയിൻ യാത്രകളിലൂടെ ഇന്ത്യയുടെ ഭംഗി ആസ്വദിച്ചിട്ടില്ലെങ്കിൽ ജീവിതത്തിൽ വലിയൊരു നഷ്ടം തന്നെ എന്ന് വേണമെങ്കിൽ പറയാം.
ഒരിക്കലെങ്കിലും ട്രെയിനിൽ സഞ്ചരിച്ചിരിക്കേണ്ട ചില വഴികളുണ്ട്. പ്രകൃതിയുടെ ഭംഗി കൺമുൻപിൽ കാണാൻ ലഭിക്കുന്ന അസുലഭ നിമിഷമാകും അത്. കണ്ണിന് അതിശയവും മനസിന് കുളിർമയും നൽകുന്ന ചില ട്രെയിൻ റൂട്ടുകൾ ഇതാ..
1) കൽക്ക-ഷിംല

കൽക്കയിൽ നിന്ന് ഷിംലയിലേക്കുള്ള ട്രെയിൻ യാത്ര അനുഭവിച്ചറിയേണ്ടത് തന്നെയാണ്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച ഷിംലയുടെ ചരിത്രമുറങ്ങുന്ന വീഥികളിലൂടെ, ഹിമാലയത്തിന്റെ ഭംഗി ആസ്വദിച്ചുള്ള യാത്രാനുഭവം ട്രെയിൻ നൽകും. 102 തുരങ്കങ്ങളിലൂടെയും 82 പാലങ്ങളിലൂടെയും ട്രെയിൻ സഞ്ചരിക്കുന്നു. 96 കിലോമീറ്റർ ദൂരമാണ് യാത്ര.
2) ജൽപായ്ഗുരി-ഡാർജിലിംഗ്

ഡാർജിലിംഗ് ഹിൽ സ്റ്റേഷനിൽ യാത്ര പോകുന്നവർ നഷ്ടപ്പെടുത്തരുതാത്ത യാത്രയാണ് ഈ ട്രെയിൻ യാത്ര. സിലിഗുരി ടൗൺ, സിലിഗുരി ജംക്‌ഷൻ, സുഖ്‌ന, രംഗ്‌ടോങ്, തിൻധാരിയ, മഹാനദി, കുർസിയോങ്, തുംഗ്, സൊനാഡ, ഗും, റോംഗ്ബുൾ, ജോർബംഗ്ലാവ്, ബറ്റാസിയ ലൂപ്പ് എന്നിവയിലൂടെ 78 കിലോമീറ്റർ ദൂരത്തെ ഭംഗിയാണ് ട്രെയിനിൽ ആസ്വദിക്കാൻ കഴിയുന്നത്. എട്ട് മണിക്കൂർ ദൈർഘ്യമുള്ളതാണ് ജൽപായ്ഗുരി-ഡാർജിലിംഗ് യാത്ര.
3) ഡൽഹി- മുംബൈ- മഹാരാജസ് എക്സ്പ്രസ്
രാജസ്ഥാൻ, ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്‌ട്ര, മധ്യപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളുടെ ഭംഗി ആസ്വദിക്കണമെങ്കിൽ മഹാരാജാസ് എക്സ്പ്രസിൽ കയറിയാൽ മതി. ഡൽഹി, ആഗ്ര, രൺതംബോർ, ജയ്പൂർ, ബിക്കാനീർ, ജോധ്പൂർ, ഉദയ്പൂർ, മുംബൈ തുടങ്ങിയ സ്ഥലങ്ങളുടെ ഭംഗി ആസ്വദിക്കാൻ സഞ്ചാരികളെ അനുവദിക്കുന്നു. ആറ് രാത്രിയും ഏഴ് പകലും നീണ്ടുനിൽക്കുന്നതാണ് യാത്ര.
4) മുംബൈ-ഗോവ മണ്ഡോവി എക്സ്പ്രസ്
സഹ്യാദ്രി മലനിരകളുടെ ഭംഗി ആസ്വദിക്കണമെങ്കിൽ മണ്ഡോവി എക്സ്പ്രസ് തിരഞ്ഞെടുക്കൂ. സഹ്യാദ്രിയിലെ അതിമനോഹരമായ മലയിടുക്കുകളിലൂടെയും അറബിക്കടലിന്റെ ഏറ്റവും മനോഹരമായ കാഴ്ചകളും ആസ്വദിക്കാൻ മുംബൈ-ഗോവ എക്സ്പ്രസ് അനുവദിക്കുന്നു.
5) ചെന്നൈ-രാമേശ്വരം സേതു എക്സ്പ്രസ്

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പുണ്യ സ്ഥലമായ രാമേശ്വരം സന്ദർശിക്കാൻ താത്പര്യമുള്ളവർക്ക് സേതു എക്സ്പ്രസിൽ കയറാവുന്നതാണ്. പാക് കടലിടുക്കുകളിലൂടെയും സമത തലത്തിലൂടെയുമുള്ള യാത്ര നവ്യാനുഭവം നൽകും. പാമ്പൻ പാലത്തിന് മുകളിലൂടെയുള്ള യാത്ര അനുഭവിച്ചറിയേണ്ടത് തന്നെയാണ്.
6) കന്യാകുമാരി- തിരുവനന്തപുരം ഐലൻഡ് എക്സ്പ്രസ്
കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് രണ്ട് മണിക്കൂർ ട്രെയിൻ യാത്രയാണ് ഐലൻഡ് എക്സ്പ്രസ് നൽകുന്നത്. ഇടതൂർന്ന വനപ്രദേശങ്ങളിലൂടെയാണ് അധികവും യാത്ര.















