മക്കൾ എത്ര വളർന്നാലും അമ്മമാർക്കെന്നും അവർ ചെറിയ കുട്ടികൾ തന്നെയായിരിക്കുമെന്ന് പറയാറുണ്ട്. അതുപോലെ തന്നെ മാതാപിതാക്കളുടെ സ്‌നേഹവും വാത്സല്യവും എന്നും നമുക്കൊപ്പം ഉണ്ടാവണമെന്നാണ് ഏതൊരു മക്കളുടെ ആഗ്രഹം. മാതാപിതാക്കളിൽ നിന്നും പഠിച്ച പാഠങ്ങൾ എത്ര വലുതായാലും നമ്മുടെ ജീവിതത്തിലുടനീളം ചേർത്തുപിടിക്കാൻ നാം ശ്രദ്ധിക്കാറുണ്ട്. അത്തരത്തിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പങ്കുവച്ച ഹൃദയസ്പർശിയായ ചിത്രമാണ് ഇന്റർനെറ്റ് ലോകത്തിന്റെ ഉള്ളുലയ്‌ക്കുന്നത്.
അമ്മ ഷിബാനി ബാഗ്ചിക്കൊപ്പമുള്ള ചിത്രങ്ങളാണ് കേന്ദ്രമന്ത്രി സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. അമ്മമാരുടെ ജീവിതത്തിൽ മക്കളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനു വേണ്ടി അവർ സഹിച്ച സഹനങ്ങളെയും ത്യാഗങ്ങളെയും ചൂണ്ടിക്കാണിച്ചായിരുന്നു സ്മൃതി തന്റെ അമ്മയുടെ ചിത്രം പങ്കുവച്ചത്.
” അമ്മയിൽ നിന്നും പഠിച്ച പാഠങ്ങൾ വലുതാണ്. കുഞ്ഞുങ്ങളെ പരിപാലിക്കുന്ന കാര്യത്തിൽ അമ്മമാർ എടുക്കുന്ന മുൻകരുതലുകൾ എത്രത്തോളമാണെന്നറിയാം. നമുക്ക് എന്തെങ്കിലും രോഗങ്ങൾ വരുമ്പോഴോ, ശാഠ്യം പിടിക്കുമ്പോഴോ, ഭക്ഷണം കഴിക്കാൻ കൂട്ടാക്കാതിരിക്കുമ്പോഴോ അമ്മമാർ ക്ഷമയോടെ എല്ലാം പരിഹരിക്കുമായിരുന്നു. എന്തൊരു കാര്യത്തിനും അവർക്ക് കൃത്യമായ ഒരു ബജറ്റ് പ്ലാൻ ഉണ്ടായിരുന്നു. അത് നമ്മുടെ ജീവിതത്തിൽ ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. ഒരുപാട് ത്യാഗങ്ങൾ സഹിച്ചായിരിക്കും അവർ നമ്മുടെ അഭിലാഷങ്ങൾ നിറവേറ്റിയത്. അതിനാൽ മാതാപിതാക്കളോടൊപ്പം ചെലവഴിക്കാനും അവർക്കൊപ്പമിരുന്ന് സംസാരിക്കാനും സമയം കണ്ടെത്തുക.”- സ്മൃതി ഇറാനി കുറിച്ചു.
View this post on Instagram
എത്ര തിരക്കിനിടയിലും അമ്മയുമായി സമയം ചെലവഴിക്കാൻ സ്മൃതി കാണിക്കുന്ന മനസിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. പലരും തങ്ങളുടെ മാതാപിതാക്കൾ നഷ്ടപ്പെട്ടതിന്റെ ദു:ഖങ്ങളും പങ്കുവച്ചിരുന്നു.















