തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് കുചേലദിനാഘോഷം. ആയിരക്കണക്കിന് ഭക്തർ അവിൽ പൊതികളുമായി കണ്ണനെ കണ്ട് തൊഴാനായി ഇന്ന് ഗുരുവായൂരിലെത്തും. ഇതിന് പുറമെ മൂന്നര ലക്ഷം രൂപയുടെ അവിൽ നിവേദ്യവും ദേവസ്വം തയ്യാറാക്കുന്നുണ്ട്.
നാളികേരം, ശർക്കര, നെയ്യ്, ചുക്ക്, ജീരകം, എന്നിവയാൽ കുഴച്ച അവിൽ പന്തീരടി പൂജയ്ക്കും അത്താഴ പൂജയ്ക്കും ശ്രീ ഗുരുവായൂരപ്പന് നിവേദിക്കും. 13 കീഴ്ശാന്തി കുടുംബങ്ങളിലെ നമ്പൂതിരിമാർ ചേർന്നാണ് അവിൽ നിവേദ്യം തയ്യാറാക്കുക. വൈകുന്നേരം 6.30-ന് ചലച്ചിത്ര താരം ദിവ്യ ഉണ്ണിയുടെ നൃത്തവും രാത്രി ഡോ. സഭാപതിയുടെ കുചേലവൃത്തം കഥകളിയും അരങ്ങേറും.
കുചേലൻ അവിൽ പൊതികളുമായി ശ്രീകൃഷ്ണനെ കാണാനെത്തിയ ദിനമാണ് ധനു മാസത്തിലെ മുപ്പെട്ട് ബുധനാഴ്ച. ഇന്നേ ദിവസം കുലേച ദിനമായി ആഘോഷിക്കുന്നു.