മനാമ: പ്രഥമ മാർത്തോമൻ പുരസ്കാരത്തിന് അർഹനായി മാർ ക്ലീമിസ് വലിയ മെത്രാപ്പൊലീത്ത. മലങ്കര ഓർത്തഡോക്സ് സഭ വിശുദ്ധ മാർത്തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാമത് വാർഷികം ആചരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുരസ്കാരം നൽകി ആദരിക്കുന്നത്.
ഡിസംബർ 29 നു ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച് നടക്കുന്ന ഇടവക ദിനത്തിൽ വലിയ മെത്രാപ്പൊലീത്തയ്ക്ക് വേണ്ടി മലങ്കര ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപോലിത്ത മാർത്തോമൻ പുരസ്കാരം ഏറ്റുവാങ്ങും. മാർത്തോമൻ ഫലകവും100001 രൂപയും അടങ്ങുന്ന പുരസ്കാരവുമാണ് നൽകുന്നത്. തുടർന്ന് നാട്ടിൽ വച്ച് കാത്തോലിക്ക ബാവയും ഇടവക മെത്രാപ്പോലീത്തയും ഗീവർഗീസ് മാർ കൂറിലോസ് മെത്രപ്പോലീത്തയും ചേർന്ന് വലിയ മെത്രാപ്പോലീത്തക്ക് പുരസ്കാരം കൈമാറും.
വെള്ളിയാഴ്ച നടക്കുന്ന ഇടവക ദിനത്തിൽ വൈകിട്ട് 4 മണി മുതൽ മെഗാ പാപ്പാ റാലിയും വിവിധ ഫുഡ് സ്റ്റാളുകൾ, ആധ്യാത്മിക സംഘടനകളുടെ വൈവിധ്യമാർന്ന കലാപരിപാടികളും നടക്കും. രാത്രി 8 മണിക്ക് വി. തോമാശ്ലീഹാ എന്ന ബൈബിൾ ഡ്രാമാസ്കോപ്പ് നാടകവും ഉണ്ടാകും. ഇടവക വികാരി ഫാ. സുനിൽ കുരിയൻ ബേബി, സഹ വികാരി ഫാ. ജേക്കബ് തോമസ്, ഇടവക ട്രസ്റ്റീ , ജീസൺ ജോർജ്, ഇടവക സെക്രട്ടറി ജേക്കബ് പി മാത്യു, പ്രോഗ്രാം കോർഡിനേറ്റഴ്സ് വിനു പൗലോസ്, സജിൻ ഹെന്ററി , ബിനോയ് ജോർജ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.