ഹൈദരാബാദ്: ബിഗ്ബോസ് തെലുങ്ക് സീസൺ 7-ലെ സാധാരണക്കാരുടെ പ്രതിനിധിയായെത്തിയ പല്ലവി പ്രശാന്തിനെ അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ സീസണിലെ വിജയിയായി പല്ലവി പ്രശാന്തിനെ പ്രഖ്യാപിച്ചതിന് പിന്നാലെ പല്ലവിയുടെ ഫാന്‍സ് നടത്തിയ ആക്രമണങ്ങളെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
പല്ലവി പ്രശാന്തിനെ വിജയിയായി പ്രഖ്യാപിച്ചതിന് പിന്നാലെ അതിരുവിട്ട ആഘോഷമായിരുന്നു ആരാധകർ നടത്തിയത്. സംസ്ഥാനത്തെ ഏഴ് സർക്കാർ ബസുകൾ ആരാധകർ തകർത്തു. ബിഗ് ബോസ് ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയയത്. സാധാരണക്കാരുടെ പ്രതിനിധിയായെത്തിയ ബിഗ് ബോസ് താരമാണ് പല്ലവി പ്രശാന്ത്. ഫൈനലിൽ പ്രശാന്തിനെ വിജയിയായി പ്രഖ്യാപിക്കുമെന്ന വാർത്ത പരന്നതോടെ ആരാധകർ ഇരച്ചെത്തി. ഫലപ്രഖ്യാപനത്തിന് പിന്നാലെ നിയന്ത്രണം വിട്ട ആരാധകർ ബസുകൾ തല്ലിത്തകർത്തു.
പ്രശാന്ത് ഒന്നാം പ്രതിയും സഹോദരൻ മനോഹർ രണ്ടാം പ്രതിയുമായാണ് കേസ് രജിസ്റ്റർ ചെയ്തത്. സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷികളുടെ മൊഴികളും അടിസ്ഥാനമാക്കി മറ്റ് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.















