വ്യത്യസ്തമായ അവതരണം കൊണ്ടും മികച്ച പ്രകടനങ്ങൾ കൊണ്ടും ശ്രദ്ധേയമായ ചിത്രമായിരുന്നു ഉടൽ. ദുർഗ്ഗ കൃഷ്ണ, ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. രതീഷ് രഘുനന്ദനാണ് ചിത്രം സംവിധാനം ചെയ്തത്. മലയാളി പ്രേക്ഷകർ ഏറെ കാലമായി ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ്. ആ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. ഉടൽ ഉടൻ ഒടിടിയിൽ എത്തുമെന്ന വാർത്തകളാണ് പുറത്ത് വരുന്നത്.
ഉടൽ റിലീസ് ചെയ്ത് ഒന്നര വർഷത്തിന് ശേഷമാണ് ഒടിടിയിൽ എത്തുന്നത്. സൈന പ്ലേയിലൂടെയാണ് ഉടലിന്റെ ഒടിടി റിലീസ്. എന്നാൽ ഇപ്പോഴും ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ഉടൻ എത്തുമെന്ന് മാത്രമാണ് അറിയിച്ചിരിക്കുന്നത്. 2022 മെയ് 20 നായിരുന്നു ഉടൽ തീയേറ്ററുകളിൽ എത്തിയത്. വലിയ പ്രമോഷൻ പരിപാടികളോ ഒന്നുമില്ലാതെ എത്തിയ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കുകയായിരുന്നു. ഇന്ദ്രൻസിന്റെയും ദുർഗ്ഗയുടെയും പ്രകടനങ്ങളായിരുന്നു ഉടലിനെ കൂടുതൽ ശ്രദ്ധേയമാക്കിയത്.















