പാലക്കാട്: രാത്രി ഒറ്റയ്ക്ക് നഗരത്തിലൂടെ നടന്നുവരുന്ന യാത്രികരെ കേന്ദ്രീകരിച്ച് കവർച്ച നടത്തിയിരുന്ന സംഘം പിടിയിൽ. യാത്രക്കാരെ ആക്രമിച്ച് പണവും സ്വർണാഭരണവും കൈക്കലാക്കുന്ന സംഘത്തിലെ നാല് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.ആലത്തൂർ സ്വദേശി അൻവർ, പാളയം സ്വദേശി സനിൽ എന്നിവരും പ്രായപൂർത്തിയാകാത്ത രണ്ട് പേരുമാണ് പിടിയിലായത്.
വെള്ളിയാഴ്ച പുലർച്ചെയാണ് കേസിന് ആസ്പദമായ സംഭവം. പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലിറങ്ങി കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് നടന്നുവരികയായിരുന്ന കഞ്ചിക്കോട് സ്വദേശിയെ ആക്രമിച്ച കേസിലാണ് നടപടി. സംഘം പരാതിക്കാരനെ തടഞ്ഞു നിർത്തി പണം ആവശ്യപ്പെട്ടു. ഇല്ലെന്ന് പറഞ്ഞപ്പോൾ ഗൂഗിൾ പേ ചെയ്യാൻ ആവശ്യപ്പെട്ടതായും പോലീസ് പറയുന്നു.
തുടർന്ന് ഓൺലൈൻ സംവിധാനം ഇല്ലെന്ന് പറഞ്ഞതോടെ പ്രതികൾ ബലപ്രയോഗത്തിലൂടെ എടിഎം കാർഡ് പിടിച്ചു വാങ്ങാൻ ശ്രമിച്ചു. തുടർന്ന് പരാതിക്കാരന്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം തൊട്ടടുത്തുള്ള എടിഎമ്മിൽ നിന്നും പണം പിൻവലിച്ചെന്നാണ് പരാതി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.