സുന്ദരേശ ഭഗവാൻ ഒരു ഭക്തന് അക്ഷയമായ വിത്ത് കാട്ടി കൊടുക്കുന്ന ലീലയാണ്. ഇത് മധുരാപുരിയിൽ “സൗമ്യഭക്തൻ” എന്ന പേരുള്ള ഒരു ശൂദ്രൻ ഉണ്ടായിരുന്നു. ശിവ ഭക്തനായ അദ്ദേഹം പാടശേഖരങ്ങളിൽ ധാന്യം വിളയിച്ച കൃഷി ചെയ്ത് ജീവിതം നയിച്ചുവന്നിരുന്നു. പതിവ്രതയും ഭക്തയുമായ പത്നിയോടൊപ്പം ഭസ്മരുദ്രാക്ഷാദികൾ ധരിച്ച് നിത്യവും പ്രഭാതത്തിൽ ക്ഷേത്രദർശനം നടത്തിയിരുന്നു. ശിവ ഭക്തർക്ക് ഭക്ഷണം നൽകിയതിനു ശേഷം മാത്രമേ ഈ ദമ്പതികൾ ഭക്ഷണം കഴിച്ചിരുന്നുള്ളൂ. ഇങ്ങനെ സസുഖം വസിക്കുന്ന കാലത്ത് സുന്ദരേശ്വര ഭഗവാൻ അവരെ പരീക്ഷിക്കുവാൻ തീരുമാനിച്ചു. അതിനു വേണ്ടിയുള്ള ലീലയും തുടങ്ങി.
ഭക്തസൗമ്യന്റെ കൃഷിയിടങ്ങളിൽ ധാന്യം ഉണങ്ങുവാൻ തുടങ്ങി.. അതുകൊണ്ട് ദൈനംദിന കാര്യങ്ങൾക്ക് തടസ്സം നേരിട്ടു. ശിവഭക്തർക്ക് അന്നം കൊടുക്കുക എന്നുള്ളത് ജീവിതവ്രതമായി സ്വീകരിച്ച ആ ഭക്തന് ഉണ്ടാകാൻ ഇടയുള്ള വിഷമം ഊഹിക്കാവുന്നതേയുള്ളൂ. അടുത്ത തവണ ധാന്യം സമൃദ്ധമായി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് പലരിൽ നിന്നും കടം വാങ്ങി കാര്യങ്ങൾ നിർവഹിച്ചു. തനിക്ക് ധാന്യം ഉണ്ടാകുമ്പോൾ കൊടുക്കാമെന്ന് വ്യവസ്ഥയിലാണ് കടം വാങ്ങിയത്. ക്രമേണ ആരും കടം കൊടുക്കാതെയും ആയി. ശിവ ഭക്തർക്ക് ഭക്ഷണം നൽകുവാനുള്ള മാർഗം കിട്ടാതെ ഭക്ഷണം സ്വയം കഴിക്കുവാനുള്ള മാർഗം പോലുമില്ലാതെ ആ ശിവ ഭക്തൻ വളരെയധികം വിഷമിച്ചു.
ഭക്തസൗമ്യനും പത്നിയും തീർത്ഥസ്നാനത്തിനുശേഷം സുന്ദരേശ സന്നിധിയിൽ എത്തി ഭഗവാനെ തൊഴുതു പ്രദക്ഷിണം വച്ചും പ്രണമിച്ചും പഞ്ചാക്ഷരം ജപിച്ചും സ്തുതിച്ചും അവർ ശിവാരാധന നടത്തി. ആനന്ദാശ്രു പൊഴിച്ചുകൊണ്ട് ഇങ്ങനെ പ്രാർത്ഥിച്ചു..
“ശംഭോ, ശ്രീ സുന്ദരേശ, കാലകാല, അഖിലേശാ, കരുണാനിധെ, സർവ്വജ്ഞ, മഹേശ്വര,സാധുക്കളെ രക്ഷിക്കുന്നതിൽ മുഴുകിയവനെ അങ്ങയുടെ പാദങ്ങളെ പ്രണമിച്ചും അങ്ങയുടെ ഭക്തർക്ക് അന്നം നൽകിയും ഞങ്ങൾ ഇതുവരെ ജീവിച്ചു. ഈ ജീവിതം നയിക്കുവാൻ സാധിച്ചത് അങ്ങയുടെ കൃപാ കടാക്ഷം കൊണ്ട് മാത്രമാണ് ഭക്തവത്സല ഒരു വർഷമായി എന്റെ കൃഷിസ്ഥലങ്ങളിലെ കൃഷി മാത്രം ഉണങ്ങുന്നു. അന്നുമുതൽ ധാന്യങ്ങൾ കടം വാങ്ങി കാര്യങ്ങൾ നിർവഹിച്ചു. ഇന്ന് കടം തരുവാൻ പോലും ആരുമില്ല. ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്. അങ്ങ് ഭക്തവത്സലനല്ലേ.?കടം തരുവാൻ ഒരാളെ കാണിച്ചു തരാമോ.? അല്ലെങ്കിൽ ഞാൻ എന്റെ പ്രാണനെ കളയും. അക്കാര്യത്തിൽ ഒട്ടും സംശയമില്ല നിത്യവും ഭക്തർക്ക് ഭക്ഷണം നൽകുക എന്നുള്ളത് ഞങ്ങളുടെ വ്രതമാണ് അതുകൂടാതെ ജീവിക്കുവാൻ കഴിയുകയില്ല.”
ഭക്ത സൗമ്യൻ പത്നിയോടൊപ്പം ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ ഭഗവാന്റെ മധുരമായ തിരു മൊഴികൾ ആകാശവാണിയായി ഉത്ഭവിച്ചു.
“ഭക്ത സൗമ്യ നീ ചെയ്ത ശിവപൂജയിൽ ഞാൻ സന്തുഷ്ടനാണ് നീ ദുഃഖിക്കേണ്ട, ധാന്യമില്ലെങ്കിൽ നിന്റെ ആഗ്രഹം സാധിച്ചു തരുവാൻ ഞാനുണ്ട്, നീ ഭവനത്തിൽ ചെന്ന് നോക്കുമ്പോൾ ഒരു വലിയ കുട്ട അവിടെ കാണും. അതിൽ നിറയെ അരി ഉണ്ടാകും. അതിൽ നിന്ന് നിനക്ക് ആവശ്യമുള്ളത് എടുക്കാം. എത്ര എടുത്താലും ആ ധാന്യം തീരുകയില്ല. ആ അരിയെടുത്ത് വിറ്റാൽ ആവശ്യമുള്ള മറ്റ് സാധനങ്ങൾ വാങ്ങാം. അത് ഉപയോഗിച്ച് എന്റെ ഭക്തർക്ക് വസ്ത്രങ്ങളും ധനവും കൊടുക്കുക. അന്നദാനത്തേക്കാൾ ഉത്തമമായ ധർമ്മമില്ല. അതിനാൽ എന്റെ ഭക്തർക്ക് അന്നം നൽകി അനേകകാലം പത്നിയോടൊപ്പം ജീവിക്കുക അതിനുശേഷം നിങ്ങൾക്ക് മോക്ഷവും നൽകും..”
ഭഗവാന്റെ തൃപ്പാദങ്ങളെ പ്രണമിച്ചു വന്ദിച്ചതിനുശേഷം ആ ശിവഭക്തർ സ്വന്തം ഭവനത്തിൽ എത്തി. അവിടെ ഒരു വല്ലത്തിൽ മുത്തു പോലെയുള്ള അരി നിറഞ്ഞിരിക്കുന്നത് കണ്ടു അപ്പോൾ അവർക്കുണ്ടായ സന്തോഷം വർണ്ണിക്കുവാൻ പ്രയാസമാണ് അരി നിറഞ്ഞ കുട്ട അവർ ഒരു പീഠത്തിൽ വച്ച് ആദരപൂർവ്വം അതിനെ പ്രദക്ഷിണം വെച്ച് നമസ്കരിച്ചു തൊഴുതു. അതിൽ നിന്ന് അരിയെടുത്ത് നിത്യവും നൽകി. സമീപവാസികൾ ഹാലാസ്യനാഥൻ നൽകിയ അക്ഷയ പാത്രത്തിന്റെ മഹിമ കേട്ടറിഞ്ഞ വന്നു. ഭഗവാന്റെ ഭക്ത വാത്സല്യം എല്ലാവരെയും അത്ഭുതപ്പെടുത്തി.
ഭക്തസൗമ്യൻ അരി വിറ്റ് കിട്ടിയ ധനം കൊണ്ട് മറ്റു ഭക്ഷണപദാർത്ഥങ്ങൾ വാങ്ങുകയും ഭക്തർക്ക് വിഭവസമൃദ്ധമായ അന്നം നൽകുകയും ചെയ്തു. എല്ലാവർക്കും തൃപ്തിയാകുന്നത് വരെ ഭക്ഷണം നൽകിയ അവർ, ശേഷിച്ച ഭക്ഷണം കഴിച്ച് സംതൃപ്തരായി സന്തതികളോട് കൂടി സർവ്വസൗഭാഗ്യങ്ങളും അനുഭവിച്ചതിനുശേഷം മോക്ഷം നേടി.
ഈ ലീലയുടെ ശ്രവണ പാരായണ ഫലം ദാരിദ്ര്യം നാശവും മോക്ഷലബ്ധിയുമത്രെ.
അടുത്ത ഹാലാസ്യ മാഹാത്മ്യം 39 – വൈശ്യബാലകാനുഗ്രഹം
അവലംബം- വ്യാസദേവൻ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിത അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്.
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു . ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം(ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും…….
https://janamtv.com/tag/halasya-mahatmyam/















