കാസർകോട്: കുമ്പളയിൽ തെരുവുനായയുടെ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എട്ട് പേർക്ക് പരിക്ക്. കുമ്പള കുണ്ടങ്കേരടുക്ക ഹരിജൻ കോളനിയിലെ വെൽഫയർ സ്കൂൾ പരിസരത്തായിരുന്നു സംഭവം. തെരുവുനായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഒരാളെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റ സുനിത എന്ന സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മതിയായ ചികിത്സ ലഭ്യമായില്ലെന്ന് കുടുംബം ആരോപിക്കുന്നു. മംഗളൂരു ബെൻലോക് ആശുപത്രിയ്ക്കെതിരെയാണ് കുടുംബം ആരോപണം ഉന്നയിച്ചിരിക്കുന്നത്.
വീട്ടിലെത്തിയ ശേഷം ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുണ്ടങ്കേരടുക്ക പരിസരത്ത് തെരുവുനായ ആക്രമണം രൂക്ഷമാണെന്ന പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്.