ന്യൂഡൽഹി: തരംഗമായി ദ്വാരകയിലെ മഹാരാസ്. കാഴ്ചക്കാരുടെ കണ്ണുകൾക്ക് പുത്തൻ അനുഭവം സമ്മാനിച്ചാണ് പരിപാടി നടന്നത്. ജഗത് മന്ദിറിൽ ഇന്നലെ വൈകുന്നേരം അഹിർ സമുദായം പതാക ഉയർത്തിയതോടെയാണ് മഹാരാസ് ആഘോഷങ്ങൾക്ക് ആരംഭമായത്. ഇതിന്റെ ഡ്രോൺ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു. എസിസി സിമന്റ്സ് നന്ദാം കാമ്പസിലാണ് അഖില ഭാരതീയ അഹിറാണി മഹാരാസ് സംഘടനാ പരിപാടി സംഘടിപ്പിച്ചത്.
അഹിർ സമുദായത്തിൽപ്പെട്ട ആയിരക്കണക്കിന് സ്ത്രീകൾ ശ്രീകൃഷ്ണ വിഗ്രഹത്തിന് നൃത്തചുവടുകളോടെ പ്രദക്ഷിണം ചെയ്താണ് മഹാരാസിന്റെ മാറ്റ് കൂട്ടിയത്. പങ്കെടുത്ത സ്ത്രീകളുടെ എണ്ണത്തിലെ ബാഹല്യം ലോക റെക്കോർഡിന് വഴിയൊരുക്കി. ഗുജറാത്തിലെ ദ്വാരകയിൽ നടന്ന മഹാരാസിൽ ഒത്തുകൂടിയത് 37,000-ലധികം സ്ത്രീകളായിരുന്നു.
മഹാരാസിന്റെ ഡ്രോൺ ദൃശ്യങ്ങൾ:
#WATCH | Gujarat: 37000 women from the Ahir community performed Maha Raas in Dwarka pic.twitter.com/Ta19lRhhiR
— ANI (@ANI) December 24, 2023
ബാണാസുരന്റെ മകളും ഭഗവാൻ ശ്രീകൃഷ്ണന്റെ മരുമകളുമായ ഉഷയുടെ സ്മരണയ്ക്കായാണ് മഹാരാസ് സംഘടിപ്പിക്കുന്നത്. ശ്രീകൃഷ്ണ വിഗ്രഹത്തിന് ചുറ്റും ചുവന്ന വസ്ത്രം ധരിച്ചെത്തുന്ന സ്ത്രീകൾ നൃത്തം ചെയ്യുന്നതാണ് മഹാരാസിന്റെ ചടങ്ങ്. മഹാരാസിനോട് അനുബന്ധിച്ച് വിശേഷാൽ പ്രാർത്ഥനകളും നടന്നു. വൻ ജനാവലിയാണ് മഹാരാസ് കാണാൻ തടിച്ചുകൂടിയത്.
പൂജകൾ, ബഹുജന പ്രസാദം, നാടോടി കലാകാരൻമാരുടെ പരിപാടികൾ, അഹിർ സഹോദരിമാർ ഒരുക്കിയ വിവിധ സാംസ്കാരിക പരിപാടികൾ, ബിസിനസ് എക്സ്പോ, കരകൗശല വ്യവസായ പ്രദർശനം എന്നിവയും മഹാരാസിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചു.















