ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതി ശൈത്യം തുടരുന്നു. തണുപ്പിനും മൂടൽമഞ്ഞിനുമൊപ്പം ഡൽഹിയിൽ വായു മലിനീകരണവും രൂക്ഷമാണ്. ഇത് ജനജീവിതത്തെ സാരമായി ബാധിച്ചു. വരും ദിവസങ്ങളിലും ശൈത്യം കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.
കഴിഞ്ഞ നാല് ദിവസത്തിലധികമായി തുടരുന്ന കനത്ത മൂടൽമഞ്ഞിൽ പല നഗരങ്ങളിലും കാഴ്ചപരിധി 50 മീറ്ററിൽ താഴെയെത്തി. ഡൽഹി, ഹരിയാന, പഞ്ചാബ്, ജമ്മു കശ്മീർ, ഹിമാചൽ സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകി. ഡൽഹി വിമാനത്താവളത്തിൽ നിരവധി വിമാനങ്ങൾ ജയ്പൂർ, ലക്‌നൗ എന്നിവടങ്ങളിലേക്ക് വഴിതിരിച്ചു വിട്ടു. ചില സർവ്വീസുകൾ റദ്ദാക്കി. നിരവധി ട്രെയിനുകളും വൈകിയാണ് സർവീസ് നടത്തുന്നത്.
വിനോദ സഞ്ചാരികളോടും, തീർത്ഥാടകരോടും കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുകൾ പരിശോധിച്ച ജാഗ്രത പാലിക്കാനും, രാത്രി യാത്ര ഒഴിവാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. വായു ഗുണനിലവാര സൂചിക മോശം അവസ്ഥയിലാണെന്നും ജനങ്ങൾ മുൻ കരുതൽ നടപടി സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.