അമരാവതി: തമോഗർത്ത രഹസ്യങ്ങൾക്കായുള്ള ഇസ്രോ ദൗത്യമായ എക്സ്പോസാറ്റ് വിജയത്തിന് പിന്നാലെ ഇസ്രോ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിതാ ഷാ. എക്സിലൂടെയാണ് അദ്ദേഹം ശാസ്ത്രജ്ഞർക്ക് അഭിനന്ദനങ്ങൾ അറിയിച്ചത്.
തമോഗർത്ത രഹസ്യങ്ങൾ തേടിയുള്ള പിഎസ്എൽവിയുടെ എക്സ്പോസാറ്റ് വിജയകരമായി വിക്ഷേപിച്ചതിന് ഇസ്രോ ശാസ്ത്രജ്ഞർക്ക് പ്രത്യേക അഭിനന്ദനങ്ങൾ. 2024 പുതുവർഷത്തിന്റെ ആദ്യ ദിവസം തന്നെ അറിവ് തേടിയുള്ള നിങ്ങളുടെ യാത്ര ഞങ്ങളുടെ അഭിമാനമാണെന്ന് അമിത് ഷാ എക്സിൽ കുറിച്ചു.
ഇന്ന് രാവിലെ 9.10-നാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് എക്സ്പോസാറ്റ് കുതിച്ചുയർന്നത്. വിദൂര ബഹിരാകാശ വസ്തുക്കളിൽ നിന്നും പുറപ്പെടുവിക്കുന്ന എക്സ്റേ രശ്മികളെ കുറിച്ച് പഠനം നടത്താനായി ഇസ്രോ വിക്ഷേപിക്കുന്ന ആദ്യ സാറ്റലൈറ്റാണ് എക്സ്പോസാറ്റ്.
പിഎസ്എൽവി സി-58 ഇസ്രോയുടെ ഫസ്റ്റ് ലോഞ്ച്-പാഡിൽ നിന്നാണ് എക്സ്പോസാറ്റ് കുതിച്ചുയർന്നത്. ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എൽവിയുടെ 60-ാം വിക്ഷേപണമാണിത്. തമോഗർത്ത രഹസ്യങ്ങൾ കണ്ടെത്തുക, എക്സ്-റേ ധ്രുവീകരണത്തിന്റെ അളവ് മനസിലാക്കുക, ജ്യോതിശാസ്ത്ര രംഗത്തെ നിർണായക വിവരങ്ങൾ അറിയുക എന്നിവയാണ് എക്സ്പോസാറ്റ് ലക്ഷ്യമിടുന്നത്.