ഒരിടവേളയ്‌ക്ക് ശേഷം നിവിൻ പോളി നായകനാകുന്ന തമിഴ് സിനിമയാണ് ഏഴ് കടൽ ഏഴ് മലൈ. മമ്മൂട്ടി നായകനായ ഹിറ്റ് ചിത്രം പേരൻപിന് ശേഷം റാം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. തമിഴ് നടൻ സൂരിയും ചിത്രത്തിൽ ഒരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഞ്ജലിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
ഇപ്പോഴിതാ സിനിമയുടെ ഗ്ലിംപ്‌സ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നിവിൻ പോളിയുടെയും അഞ്ജലിയുടെയും കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. വളരെ വ്യത്യസ്തമായ വേഷത്തിലാണ് നിവിൻ പോളി ഈ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തുവിട്ട കാരക്ടർ പോസ്റ്ററുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.
2021 ൽ ആയിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനവും ചിത്രീകരണവും ആരംഭിച്ചത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ സിനിമ നീണ്ടുപോവുകയായിരുന്നു. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചിയാണ് ചിത്രം നിർമ്മിക്കുന്നത്. സംഗീതം യുവൻ ശങ്കർ രാജ. ഛായാഗ്രഹണം ഏകാംബരവും നിർവ്വഹിക്കുന്നു.















