ജോജു ജോർജ് നായകനായി 2018 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ജോസഫ്. ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിൽ പ്രേക്ഷകരെ ഏറെ ആകർഷിച്ചത് രഞ്ജിൻ രാജിന്റെ സംഗീതത്തിൽ പിറന്ന ഗാനങ്ങളാണ്. ചിത്രത്തിൽ വിജയ് യേശുദാസ് ആലപിച്ച് അനശ്വരമാക്കിയ ‘പൂമുത്തോളെ’… എന്ന ഗാനം ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.
വർഷങ്ങൾക്ക് ശേഷം പൂമുത്തോളെ എന്ന ഗാനം വീണ്ടും ശ്രദ്ധ നേടുകയാണ്. ഇത്തവണ ആഫ്രിക്കയിലാണ് ഗാനം തരംഗമായി മാറിയിരിക്കുന്നത്. ആഫ്രിക്കൻ സ്വദേശിയും സോഷ്യൽ മീഡിയ താരവുമായ കിലി പോൾ ഗാനം ആലപിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഉച്ചാരണം ശരിയാകുന്നില്ലെങ്കിലും കിലി മനോഹരമായാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമകളും ഗാനങ്ങളും ഏറെ ഇഷ്ടപ്പെടുന്ന ആളാണ് കിലി പോൾ. നേരത്തെ ഇയാൾ പൂമുത്തോളെ ഗാനം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചിട്ടുണ്ടായിരുന്നു.
തന്റെ ഗാനം ആഫ്രിക്കൻ താരം ആലപിക്കുന്നതിന്റെ വീഡിയോ രഞ്ജിൻ രാജും പങ്കുവച്ചു. സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയാണ് രഞ്ജിൻ സന്തോഷം പങ്കിട്ടത്.’ ഇത്തവണ എന്റെ ഗാനം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചതിന് ഞാൻ കിലി പോളിന് നന്ദി അറിയിക്കുന്നു. ചിത്രം റിലീസായി അഞ്ച് വർഷത്തിന് ശേഷവും എന്റെ ഗാനം േ്രപക്ഷകർക്ക് പ്രിയപ്പെട്ടതായി നിൽക്കുന്നതിൽ വളരെ സന്തോഷമുണ്ട്. ഒപ്പം ദൈവത്തോടും ഞാൻ നന്ദി അറിയിക്കുന്നു. എന്നായിരുന്നു വീഡിയോയ്‌ക്കൊപ്പം രഞ്ജിൻ കുറിച്ചത്.















