കോവിഡ് വീണ്ടും തലപ്പൊക്കുന്നുവെന്ന ആശങ്കയിലാണ് ലോകം. പോസ്റ്റീവ് കേസുകൾ ദിനം പ്രതി വർദ്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മലയാളിയും ജെഎൻ-1 ഉപവകഭേദത്തിന്റെ പേടിയിലാണ്. ശക്തമായ പ്രതിരോധം തീർത്താൽ ഏത് കോവിഡിനെയും തുരത്താം.
ശരീരത്തിന് ഗുണമേകുന്ന ആഹാരശീലങ്ങളും കൃത്യമായ ഉറക്കവും വ്യായാമവും ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായകമാകും. ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരാൻ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. പ്രതിരോധശേഷി വർദ്ധിക്കാൻ സഹായിക്കുന്ന ആഹാരങ്ങൾ നിത്യവും കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. അത്തരം ചില ആഹാരപദാർത്ഥങ്ങൾ ഇതാ..
1) സിട്രസ് പഴങ്ങൾ
അണുബാധയ്ക്കെതിരെ പൊരുതാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്നതിൽ പ്രധാനിയാണ് വിറ്റാമിൻ സി. സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയവ നിത്യവും കഴിക്കാൻ ശ്രദ്ധിക്കണം. ശ്വേതരക്താണുക്കളുടെ ഉത്പാദനത്തിനും പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കും.
2) ഇലക്കറികൾ
വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ, ഫോളേറ്റ്, മറ്റ് പോഷകങ്ങൾ എന്നിവയുടെ കലവറയാണ് ഇലക്കറികൾ. പ്രതിരോധ ശേഷിക്ക് പുറമേ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇലക്കറികൾ സഹായിക്കുന്നു. ആന്റി-ഓക്സിഡന്റുകൾ നിറഞ്ഞ ഇലക്കറിയും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്.
3) യോഗർട്ടും മറ്റ് പ്രോബയോട്ടിക്കുകളും
ദഹന വ്യവസ്ഥയിൽ സുപ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് കുടൽ. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിൽ ആരോഗ്യമുള്ള കുടലിന്റെ പങ്ക് വളരെ വലുതാണ്. പുളിപ്പിച്ച ഭക്ഷണങ്ങളിലും യോഗർട്ടിലുമൊക്കെ അടങ്ങിയിട്ടുള്ള പ്രോബയോട്ടിക്സ് കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. കുടലിലെ നല്ല ബാക്ടീരിയകൾ പ്രതിരോധ സംവിധാനത്തിന് അനിവാര്യമാണ്.
4) വെളുത്തുള്ളിയും ഇഞ്ചിയും
ആന്റി-ഓക്സിഡന്റുകൾ, ആന്റി-വൈറൽ, ആന്റി-ഇൻഫ്ളമേറ്ററി ഗുണങ്ങൾ നിറഞ്ഞവയാണ് ഇഞ്ചിയും വെളുത്തുള്ളിയും. ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയോ രാവിലെ ചായയിൽ ഉൾപ്പെടുത്തുകയോ ആകാം.
5) നട്സ്
നട്സും പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മികച്ച ഓപ്ഷനാണ്. പ്രതിരോധ ശേഷി വർദ്ധിക്കാനും മികച്ച ആരോഗ്യം നൽകാനും നട്സും സൂര്യകാന്തി വിത്തുകൾ പോലുള്ള വിത്തുകളും സഹായിക്കുന്നു.
6) മഞ്ഞൾ
ആന്റി-ഇൻഫ്ളമേറ്ററി ഗുണങ്ങൾക്ക് എന്നെന്നും പേരുകേട്ടതാണ് മഞ്ഞൾ. പ്രതിരോധശേഷി ഉറപ്പുനൽകുന്ന കുക്കുമിൻ എന്ന ഘടകം മഞ്ഞളിൽ അടങ്ങിയിരിക്കുന്നു.
7) ഗ്രീൻ ടീ
ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളാണ് പ്രതിരോധശേഷി നൽകുന്നത്. നിത്യവും ഗ്രീൻ ടീ ശീലിക്കുന്നത് അണുബാധയെ തുരത്താൻ സഹായിക്കും.
8) ബെറി പഴങ്ങൾ
ആന്റി-ഓക്സിഡന്റുകളും നാരുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുള്ള ബെറി പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി എന്നിവയുൾപ്പെടെയുള്ള ബെറി പഴങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക.
9) വെള്ളം കുടിക്കുക
ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നത് പ്രധാനമാണ്. പോഷകത്തോളം തന്നെ പ്രധാനമാണ് വെള്ളം കുടിക്കേണ്ടതും.