തിരുവനന്തപുരം: വെള്ളയമ്പലം ജംഗ്ഷന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അപകടം. സംഭവത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. ബസ് നടപ്പാതയിലേക്ക് കയറി മതിലിൽ ഇടിച്ചാണ് നിന്നത്. കണ്ടക്ടർ ഉൾപ്പെടെ പത്തോളം പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം.
ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു സംഭവം. മ്യൂസിയം-വെള്ളയമ്പലം റോഡിൽ ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന ബസ് മുന്നോട്ട് എടുത്തപ്പോൾ നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കെൽട്രോണിന് എതിർവശത്തായുള്ള മതിലിലേക്കാണ് ബസ് ഇടിച്ചു കയറിയത്.
ഈ സമയം നടപ്പാതയിൽ ആളുകളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ബസിനുള്ളിൽ 40-ഓളം യാത്രികരായിരുന്നു ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ സീറ്റിലും കമ്പിയിലും മുഖം ഇടിച്ചാണ് അധികം ആളുകൾക്കും പരിക്കേറ്റിരിക്കുന്നത്. ഇവരെ ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന് ഒരു മണിക്കൂറോളം പ്രദേശത്ത് ഗതാഗത തടസ്സം അനുഭവപ്പെട്ടു.