ഇടുക്കി: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ അച്ഛന് കുത്തേറ്റ സംഭവം കൊലപാതക ശ്രമമായിരുന്നെന്ന് പോലീസ്. മനപൂർവ്വം പ്രകോപനമുണ്ടാക്കി കൊലപ്പെടുത്താനാണ് പ്രതി പാൽരാജ് ശ്രമിച്ചതെന്നാണ് പോലീസിന്റെ എഫ്‌ഐആറിൽ പറയുന്നത്. വധശ്രമമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇന്നലെ രാവിലെയാണ് സംഭവം. ബൈക്കിൽ പോകുകയായിരുന്ന കുട്ടിയുടെ അച്ഛനും മുത്തശ്ശനും നേരെ പാൽരാജ് അശ്ലീല ആംഗ്യം കാണിച്ചു. ഇത് ചോദ്യം ചെയ്തതിന് പിന്നാലെ പാൽരാജ് കുട്ടിയുടെ അച്ഛനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇരുകാലുകൾക്കുമാണ് കുത്തേറ്റത്.നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന കൊല്ലപ്പെട്ട കുട്ടിയുടെ മുത്തച്ഛനും പരിക്കേറ്റു. തുടർന്ന് ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.















