ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി അയോദ്ധ്യ നഗരത്തിലുടനീളം ഇലക്ട്രിക് ബസ് സർവീസുകൾ ഇന്ന് ആരംഭിക്കും. ക്ഷേത്രനഗരങ്ങളായ ധർമ്മപഥത്തിലും രാമപാതയിലുമാണ് ഇലക്ട്രിക് ബസ് സർവീസുകൾ ആരംഭിക്കുന്നത്.
രാമജന്മഭൂമി, അയോദ്ധ്യയിലെ വിവിധ ക്ഷേത്രങ്ങൾ എന്നിവ സന്ദർശിക്കുന്നതിന് വിനോദസഞ്ചാരികൾക്കും തീർത്ഥാടകർക്കും യാത്രാ സൗകര്യങ്ങൾ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുന്നത്. ഈ മാസം 15 മുതൽ 100 ഇലക്ട്രിക് ബസുകൾ സർവീസ് ആരംഭിക്കുമെന്ന് അയോദ്ധ്യാ ജില്ലാ മജിസ്ട്രേറ്റ് നിതീഷ് കുമാർ പറഞ്ഞു.
രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ തീർത്ഥാടകരെ ആകർഷിക്കുന്നതിനുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്ന് സർക്കാർ അറിയിച്ചു. പൊതുഗതാഗതം ഉപയോഗിക്കാത്തവർക്കും മെച്ചപ്പെട്ട യാത്രാ സൗകര്യം ഉറപ്പാക്കുമെന്നും അതിന്റെ ഭാഗമായി പാർക്കിംഗ് ഗ്രൗണ്ട് വികസിപ്പിക്കുമെന്നും സർക്കാർ അറിയിച്ചു.