ഡൽഹി: മാലദ്വീപ് വിഷയത്തിൽ പ്രതികരണവുമായി കൂടുതൽ സെലിബ്രറ്റികൾ രംഗത്തെത്തി. ഏറ്റവും ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണയുമായി രംഗത്തെത്തിയത് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയാണ്.നമ്മള്‍ രാജ്യത്തെ വിനോദസഞ്ചാര സാധ്യതകള്‍ക്ക് ആവശ്യമായ പ്രചാരണം നല്‍കണമെന്നും അത് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുമെന്നും അത് എല്ലാവര്‍ക്കും നല്ലതാണെന്നും ഷമി പറഞ്ഞു. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയെ പിന്തുണച്ചും രാജ്യത്തിന്റെ പുരോഗതിയെ പ്രശംസിച്ചും ഷമി രംഗത്തെത്തിയത്.
‘നമ്മുടെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത്. അദ്ദേഹത്തിന് പിന്നിൽ അണിനിരന്ന് പ്രധാനമന്ത്രിയെ നമ്മള്‍ പിന്തുണക്കണമെന്നും ഷമി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.ലക്ഷദ്വീപ് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വീപിലെ വിനോദസഞ്ചാര സാധ്യതകൾ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചതാണ് മാലദ്വീപിലെ മന്ത്രിമാരെ ചൊടിപ്പിച്ചതും ഇവർ പ്രധാനമന്ത്രിക്കെതിരെ അപകീർത്തിപരമായ അധിക്ഷപങ്ങളുമായി രംഗത്തെത്തിയതും. ഇതിന് പിന്നാലെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള കായികതാരങ്ങള്‍ പ്രധാനമന്ത്രിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.