അഞ്ച് നൂറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പിന് വിരമമാകാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം. ഭാരതീയരുടെ സ്വത്വത്തിന്റെ നേർചിത്രമാകും അയോദ്ധ്യയുടെ മണ്ണിലുയരുന്ന ഭവ്യമന്ദിരം. ഹൈന്ദവസമൂഹത്തിന്റെ പ്രാർത്ഥനകളും കാത്തിരിപ്പും അവസാനിക്കുന്ന ദിനത്തെ വരവേൽക്കാൻ ജനം ടിവിയും ഒരുങ്ങി.
അഭിമാന നിമിഷത്തിന്റെ ഓരോ സ്പന്ദനവും പ്രേക്ഷകരിലേക്ക് എത്തിക്കാൻ അയോദ്ധ്യയിൽ നിന്ന് പ്രത്യേക വാർത്താ ബുള്ളറ്റിൻ ‘അയോദ്ധ്യകാണ്ഡം’ ഇന്ന് മുതൽ ജനം ടിവിയിൽ. എല്ലാ ദിവസവും വൈകുന്നേരം ഏഴ് മണിക്കാകും പ്രത്യേക പരിപാടിയുമായി ടീം ജനം എത്തുക. കൂടാതെ എല്ലാ മണിക്കൂറിലും തത്സമയ വിവരങ്ങളും ജനങ്ങളിലേക്ക് എത്തിക്കും. പരിപാടി തത്സമയമായി ജനം ടിവിയുടെ യുട്യൂബ് ചാനലിലും കാണാവുന്നതാണ്.
പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി മുഖ്യാതിഥിയാകും. ചടങ്ങിൽ ഭാരതത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നതിനായി ദൈവം നിയോഗിച്ചതാണ് തന്നെ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ചരിത്രപരവും മംഗളകരവുമായ ചടങ്ങിൽ സാക്ഷിയാകാൻ സാധിക്കുന്നത് ഭാഗ്യമാണെന്നും അദ്ദേഹം തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
പവിത്രമായ സഞ്ജീവനി മുഹൂർത്തത്തിലാകും രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്. 22-ന് ഉച്ചയ്‌ക്ക് 12:29:8 മുതൽ 12:30: 32 നാഴിക വരെയാണ് ചടങ്ങിന്റെ മുഹൂർത്തം. കാശിയിലെ വേദപണ്ഡിതനായ പണ്ഡിറ്റ് ഗണേശ്വർ ശാസ്ത്രിയാണ് പ്രാണപ്രതിഷ്ഠയുടെ മുഹൂർത്തം കുറിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സർസംഘചാലക് മോഹൻ ഭാഗവത് എന്നിവരുൾപ്പെടെ 8000-ത്തിലധികം വിശിഷ്ട വ്യക്തികൾ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കും. പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ദശലക്ഷക്കണക്കിന് വിശ്വാസികളെത്തുമെന്നാണ് ക്ഷേത്രട്രസ്റ്റ് അറിയിച്ചിരിക്കുന്നത്.















