ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രി എൽ. മുരുഗന്റെ വസതിയിൽ നടത്തിയ പൊങ്കൽ ആഘോഷത്തിൽ കലാപരിപാടികൾ അവതരിപ്പിച്ച പെൺകുട്ടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദരം. പ്രധാനമന്ത്രിയുടെ കഴുത്തിൽ അണിഞ്ഞിരുന്ന പശ്മീര ഷോളാണ് അദ്ദേഹം പെൺകുട്ടിക്ക് സമ്മാനിച്ചത്. സംഗീത പരിപാടികൾ അവതരിപ്പിച്ച ശേഷം പ്രധാനമന്ത്രിയുടെ അനുഗ്രഹവും വാങ്ങിയാണ് പെൺകുട്ടി വേദിയിൽ നിന്നും ഇറങ്ങിയത്.
ഇന്ന് രാവിലെയാണ് കേന്ദ്ര സഹമന്ത്രി എൽ. മുരുഗന്റെ ഡൽഹിയിലെ വസതിയിൽ പ്രധാനമന്ത്രി എത്തിയത്. വസതിയിൽ നടന്ന പരിപാടികളിൽ പങ്കെടുത്ത അദ്ദേഹം ‘ ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്’ എന്ന സങ്കൽപ്പത്തിന്റെ ഭാഗമായാണ് പൊങ്കൽ നടത്തുന്നതെന്നും പറഞ്ഞിരുന്നു. ഈ ദിനത്തിൽ ആദ്യത്തെ വിളവെടുപ്പ് ദൈവത്തിനാണ് നാം നൽകുന്നത്. കർഷകരും, വിദ്യാസമ്പന്നരായ ആളുകളും, നല്ലവരായ കച്ചവടക്കാരും ചേർന്നാണ് നമ്മുടെ ഭാരതത്തെ കെട്ടിയുയർത്തുന്നത്. ഈ നാളിൽ നമുക്ക് ഭക്ഷണം തരുന്ന കർഷകരെ നാം ഓർണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പൊങ്കൽ ആശംസകൾ നേർന്ന അദ്ദേഹം രാജ്യത്തെ എല്ലാ ജനങ്ങൾക്കും ഐശ്വര്യവും, സമൃദ്ധിയും ഉണ്ടാകട്ടെയെന്നും പറഞ്ഞു. പൊങ്കലിന്റെ ഭാഗമായി കേന്ദ്ര സഹമന്ത്രിയുടെ വസതിയിൽ നിരവധി കലാപരിപാടികളായിരുന്നു സംഘടിപ്പിച്ചിരുന്നത്.















