അയോദ്ധ്യ പ്രസ്ഥനത്തിന്റെ സംഭവ ബഹുലമായ ചരിത്രത്തിൽ സുവർണ ശോഭയിൽ എഴുതിയ നാമമാണ് മഹന്ത് നൃത്യഗോപാൽ ദാസ്. 86 കാരനായ സന്യാസി ശ്രേഷ്ഠൻ ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്നത് രാമജന്മഭൂമി തീർത്ഥക്ഷേത്ര നിർമാണ സമിതി അദ്ധ്യക്ഷനെന്ന നിലയിലാണ്. അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന് വേണ്ടി ജീവൻ ഉഴിഞ്ഞുവച്ച മഹന്ത് പരമഹംസ രാമചന്ദ്രദാസിന്റെ പിന്മുറക്കാരനായാണ് നൃത്യഗോപാൽദാസ് ക്ഷേത്രനിർമാണസമിതി അദ്ധ്യക്ഷനായത്. ശ്രീകൃഷ്ണജന്മസ്ഥാൻ സേവാ സൻസ്ഥാൻ അദ്ധ്യക്ഷൻ കൂടിയാണ് അദ്ദേഹം
അലസമായി നീട്ടി വളർത്തിയ, ഇടയ്‌ക്കൊക്കെ ജട കെട്ടിയ മുടി. നെറ്റിയിൽ നിറയെ ചന്ദനം, ഗുസ്തിക്കാരന്റെ ശരീരഭാഷ… കണ്ണുകളിൽ ആഴമുള്ള തീക്ഷ്ണത, ശ്രീകൃഷ്ണന്റെ തേരാളി ശ്രീരാമന് ക്ഷേത്രം നിർമിക്കുന്നു എന്ന് വിദേശ മാദ്ധ്യമങ്ങൾ വിശേഷിപ്പിച്ച മഹന്ത് നൃത്യഗോപാൽ ദാസ് ആരാണ്….
ജനനം മഥുരയിൽ
1938 ജൂൺ 11 ന് ഉത്തർപ്രദേശിലെ മഥുര ജില്ലയിലെ കേർഹാല ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. 1953ൽ പത്താം ക്ലാസ് പരീക്ഷ പാസായ ശേഷം കൊമേഴ്സ് പഠിക്കുന്നതിനായി മഥുരയിലെ ഒരു കോളേജിൽ അദ്ദേഹം പ്രവേശനം നേടി. എന്നാൽ പഠനം പൂർത്തിയാക്കുന്നതിന് മുമ്പ് അയോദ്ധ്യയിലേക്ക് പോയി. അവിടെ വെച്ച് മഹന്ത് രാം മനോഹർ ദാസിന്റെ ശിഷ്യനാകുകയും വാരണാസിയിലെ സംസ്‌കൃത സർവകലാശാലയിൽ നിന്ന് ശാസ്ത്രി ബിരുദം നേടുകയും ചെയ്തു. 1965-ൽ 27ാം വയസിലാണ് അദ്ദേഹം അയോദ്ധ്യയിലെ ശ്രീ മണിറാം ദാസ് ചവ്‌നിയുടെ മഹന്തായി എത്തുന്നത്. അയോദ്ധ്യയിലെ ഏറ്റവും വലിയ ക്ഷേത്രമാണ് ഇത്.
തകർത്തതെല്ലാം നിർമിക്കുക തന്നെ വേണം
1984 മുതൽ രാമജന്മഭൂമി പ്രസ്ഥാനത്തിൽ സജീവമാണ് അദ്ദേഹം. 2006ൽ രാമചന്ദ്രദാസ് പരംഹംസ അന്തരിച്ചപ്പോൾ അദ്ദേഹം രാമജന്മഭൂമി ന്യാസിന്റെ തലവനായി ചുമതലയേറ്റു. നിലവിൽ ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്രത്തിന്റെ തലവനാണ്. തകർത്തതെല്ലാം നിർമിക്കുക തന്നെ വേണം എന്ന അദ്ദേഹത്തിന്റെ വാക്കുകളുടെ പൂർത്തീകരണമാണ് ഇപ്പോൾ അയോദ്ധ്യയിൽ സംഭവിക്കുന്നത്.
മഹന്ത് നൃത്യഗോപാൽദാസിന്റെ നേതൃത്വത്തിൽ അഖാഡകളും ആരോഗ്യ നികേതനങ്ങളും ക്ഷേത്രങ്ങളും ഇതിഹാസപഠനകേന്ദ്രങ്ങളും നിർമിച്ചു. രാമായണഭവൻ, ശ്രീരംഗനാഥ ക്ഷേത്രം, ചാർധാം ക്ഷേത്രം എല്ലാം അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഉയർന്നത്. ആയിരത്തോളം സന്യാസിമാർ കഴിയുന്ന മണിറാം ചാവ്നി അദ്ദേഹത്തിന്റെ സൃഷ്ടിയാണ്.
28 വർഷത്തെ വ്രതത്തിന് പരിസമാപ്തി
അയോദ്ധ്യയുടെ പോരാട്ടം കോടതിയിൽ കൊടുമ്പിരിക്കൊണ്ട കാലത്ത് നൃത്യഗോപാൽ ദാസ് മൗനവ്രതത്തിലായിരുന്നു. അപ്പോഴും കർസേവകപുരത്ത് അദ്ദേഹത്തിന്റെ നിർദേശപ്രകാരം രാമക്ഷേത്രത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയായിരുന്നു. അന്തിമ വിധി ദിനമാണ് അദ്ദേഹം 28 വർഷത്തിന് ശേഷം ബാലകരാമനെ മുഖാമുഖം കാണുന്നത്, ആരതി ഉഴിയുന്നത്. അത് നീണ്ടൊരു വ്രതത്തിന്റെ പരിസമാപ്തിയായിരുന്നു.















