അഞ്ച് നൂറ്റാണ്ട് നീണ്ട കാത്തിരിപ്പിന് നാളെ വിരാമമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ രാംലല്ല വിഗ്രഹം രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിക്കും. പ്രധാനമന്ത്രി പ്രധാന “യജമാൻ” ആയിരിക്കുമെന്ന് പുരോഹിതൻ ലക്ഷ്മികാന്ത് ദീക്ഷിത് പറഞ്ഞിരുന്നു.
കഴിഞ്ഞ 11 ദിവസമായി കഠിന വ്രതത്തിലാണ് പ്രധാനസേവകൻ. ലളിതമായ രീതികളും മന്ത്രോച്ചാരണവുമാണ് അദ്ദേഹം പിന്തുടരുന്നത്. രാജ്യത്തെ പ്രധാന രാമക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും ചെയ്യുന്നു. നിലത്ത് വിരി വിരിച്ച് അതിലാണ് ഉറക്കം, സാത്വിക ഭക്ഷണം, കുടിക്കാൻ കരിക്കൻ വെള്ളം എന്നിവയാണ് പ്രധാനമന്ത്രി പിന്തുടരുന്നത്.
പ്രാണ പ്രതിഷ്ഠയുടെ പ്രധാന ആതിഥേയനായ പ്രധാന സേവകൻ നാളെ 10.25-ഓടെ അയോദ്ധ്യ വിമാനത്താവളത്തിലെത്തി ചേരും. 15 മിനിറ്റിന് ശേഷം അദ്ദേഹം അയോദ്ധ്യ ഹെലിപാഡിലെത്തും. 10.55-ഓടെ രാമജന്മഭൂമിയിലെത്തും. തുടർന്ന് വിശ്രമം. 12.05-നും 12.55-നും ഇടയിൽ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾക്ക് അദ്ധ്യക്ഷത വഹിക്കും. ഒരു മണിയോടെ അയോദ്ധ്യയിലെ പൊതു പരിപാടിയിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 2.15-ഓടെ കുബേർ ടീല സന്ദർശിക്കും.















