ശ്രീരാമൻ അയോദ്ധ്യാപുരിയിലേക്ക് എഴുന്നള്ളുന്ന സുദിനത്തിന് മുന്നോടിയായി, ശുഭകരമായി കരുതുന്ന നീലകണ്ഠ പക്ഷികളെ കാണാൻ രാമഭക്തർ ഒഴുകിയെത്തുകയാണ്. ശ്രീരാമനെ ലങ്ക കീഴടക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചവരാണ് നീലകണ്ഠ പക്ഷികളെന്നാണ് വിശ്വാസം. ആഗ്രയിലെ ചമ്പൽ വന്യജീവി സങ്കേതത്തിലാണ് ഭക്തരുടെ ഒഴുക്ക്.
ഇന്ത്യൻ റോളർ പക്ഷി എന്നറിയപ്പെടുന്ന നീലകണ്ഠ പക്ഷിയെ കണ്ടതിന് ശേഷമാണ് ശ്രീരാമൻ രാവണന്റെ ലങ്ക കീഴടക്കിയതെന്നാണ് വിശ്വാസം. ശിവഭഗവാന്റെ രൂപമായും ഇതിനെ കണക്കാക്കുന്നു. രാവണവധത്തിന് പിന്നാലെ ശ്രീരാമനിൽ ബ്രാഹ്മണനെ കൊന്ന പാപം ആരോപിക്കപ്പെട്ടു. പാപമോക്ഷത്തിനായി രാമൻ ശിവനോട് കഠിന തപസ്സു ചെയ്തു. ഈ സമയം ശിവൻ നീലകണ്ഠന്റെ രൂപത്തിൽ രാമന് പ്രത്യക്ഷപ്പെട്ടുവെന്നും അതിനാലാണ് നീലകണ്ഠനെ ശിവന്റെ രൂപമായി കണക്കാക്കപ്പെടുന്നതെന്ന് പരിസ്ഥിതി പ്രവർത്തകനും വന്യജീവി പ്രേമിയുമായ ദേവാശിഷ് ഭട്ടാചാര്യ പറയുന്നു. ചമ്പലിൽ നീലകണ്ഠ പക്ഷികളുടെ എണ്ണത്തിൽ നാല് ശതമാനം വർദ്ധന ഉണ്ടായതായും അദ്ദേഹം പറഞ്ഞു.
രാമായണത്തിൽ പരാമർശിച്ചിരിക്കുന്നതിനാൽ തന്നെ നീലകണ്ഠ പക്ഷികൾ വസിക്കുന്നയിടം മംഗളകരമായാണ് കണക്കാക്കുന്നത്. ഇവയെ കാണുന്നതും ശുഭമാണെന്നാണ് വിശ്വാസം. ഉഷ്ണമേഖല പ്രദേശങ്ങളിലാണ് ഇവയെ പ്രധാനമായും കാണാൻ സാധിക്കുന്നത്. പൊന്മാനുമായി രൂപ സാദൃശ്യം തോന്നുന്നവയാണ് ഇവ.















