കോഴിക്കോട്: അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച് വ്യാജ ആധാർ കാർഡുമായി കേരളത്തിൽ താമസിച്ചിരുന്ന മൂന്ന് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ. കോഴിക്കോട് മാവൂരിൽ നിന്നാണ് ബംഗ്ലാദേശികളെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് മാവൂർ കൽപള്ളിയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്.
മുഹമ്മദ് വുല ഹുസൈൻ, മുഹമ്മദ് ഹസൻ അലി, മുഹമ്മദ് മെഹദി ഹസൻ എന്നിവരാണ് പിടിയിലായത്. ഇവർ വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ചാണ് കേരളത്തിൽ താമസിച്ചിരുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് ലഭിച്ച വിവരം. ഇവരുടെ പക്കൽ നിന്ന് ലഭിച്ച വ്യാജ രേഖകളും തിരിച്ചറിയൽ വിവരങ്ങളും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
ഇവർ ഇന്ത്യയിൽ എങ്ങനെ പ്രവേശിച്ചു, എത്രകാലമായി കേരളത്തിൽ താമസിച്ചുവരികയായിരുന്നു, വ്യാജ രേഖകൾ എവിടെനിന്ന് സംഘടിപ്പിച്ചു എന്നതടക്കമുളള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.















