വിവാഹ ചടങ്ങുകളിലും പൂജാ കർമ്മങ്ങളിലും മറ്റു മംഗള കർമ്മങ്ങളിലും നമുക്ക് സുപരിചിതമായ പല വാദ്യോപകരണങ്ങളും ഉപയോഗിക്കാറുണ്ട്. എന്നാൽ എപ്പോഴും നമുക്ക് സംശയം ഉണ്ടാക്കുന്ന ഒരു വാദ്യോപകരണമാണ് നാഗസ്വരം. ഇതിന്റെ പേര് തന്നെയാണ് നമുക്ക് സംശയം വരാൻ കാരണം. ചിലർ ഈ വാദ്യോപകരണത്തെ നാദസ്വരമെന്നും മറ്റു ചിലർ നാഗസ്വരം എന്നും വേറെ പലരും ഇതിനെ നാകസ്വരം എന്നും വിളിക്കുന്നു. എന്നാൽ ശരിയായ പദം നാഗസ്വരമാണെന്നാണ് പറയപ്പെടുന്നത്.
നാഗാസുരന് പരമശിവൻ സമ്മാനിച്ച വാദ്യമാണിതെന്നാണ് ഐതിഹ്യം. എന്നാൽ നാഗത്തിന്റെ ആകൃതിയിലുള്ളതിനാലും നാഗത്താന്മാർ ഉപയോഗിച്ചിരുന്ന വാദ്യമായിരുന്നു ഇതെന്നും അഭിപ്രായങ്ങളുണ്ട്. നാഗസ്വരത്തിന് നമ്മുടെ സ്വന്തം കൊമ്പ് കുഴൽ വാദ്യോപകരണത്തിന്റെ ഘടനയുമായി സാമ്യമുണ്ട്. നീളത്തിന്റെ കാര്യത്തിൽ നാഗസ്വരമാണ് കുറച്ചു കൂടി നീളം കൂടുതൽ.
തടി കടഞ്ഞെടുത്ത് നിർമ്മിക്കുന്ന നാഗസ്വരം ക്ഷേത്രങ്ങളിലെ ചടങ്ങുകൾക്കായി സേവ, പള്ളിവേട്ട, ആറാട്ട് തുടങ്ങിയവയ്‌ക്ക് ഉപയോഗിക്കുന്നു. തഞ്ചാവൂരാണ് ഇതിന്റെ പ്രധാന നിർമ്മാണ സ്ഥലം. നാഗസ്വരത്തിന്റെ കുഴൽ പോലുള്ള ഭാഗം ഒളവ് എന്ന പേരിലും കോളാമ്പി പോലുള്ള ഭാഗം അണശ് എന്നുമാണ് അറിയപ്പെടുന്നത്. അപ്പോൾ ഇനി ആരെങ്കിലും നിങ്ങളോട് നാഗസ്വരമാണോ നാദസ്വരമാണോ എന്നു ചോദിച്ചാൽ നാഗസ്വരമാണെന്ന് സംശയിച്ചു നിൽക്കാതെ മറുപടി നൽകാം.















