തിരുവനന്തപുരം: എസ്എഫ്ഐ ആക്രമണത്തിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ച രീതി ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ കുത്തിയിരുന്ന് പ്രതിഷേധിക്കേണ്ട കാര്യമില്ലെന്നും ജനാധിപത്യ സംവിധാനത്തിന് വിരുദ്ധമാണ് ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
”ഗവർണർക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. അധികാര സ്ഥാനത്ത് ഇരിക്കുന്നവർക്ക് നേരെ വ്യത്യസ്തമായ രീതിയിൽ പ്രതിഷേധങ്ങളുണ്ടാകാം. അതിനോട് സ്വീകരിക്കേണ്ട സമീപനമാണ് വിഷയം. മുഖ്യമന്ത്രി സഞ്ചരിക്കുമ്പോൾ പലപ്പോഴും പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്. അപ്പോഴൊന്നും ഇറങ്ങി ചെന്ന് പോലീസ് എന്തുചെയ്യുന്നുവെന്ന് നോക്കാൻ ഞാൻ പോയിട്ടില്ല. അധികാര സ്ഥാനത്ത് ഇരിക്കുന്ന ആരും അങ്ങനെ ചെയ്യാറില്ല. പ്രതിഷേധക്കാർക്ക് എതിരെ പോലീസ് എന്ത് നടപടിയെടുക്കുന്നുവെന്ന് നോക്കുന്ന അധികാരിയെ വേറെയെവിടെയും കണ്ടിട്ടില്ല. പോലീസ് ചെയ്യേണ്ട ജോലി പോലീസ് തന്നെ നിർവ്വഹിക്കും. എന്നാൽ പോലീസ് തയ്യാറാക്കുന്ന എഫ്ഐആർ കാണിക്കണമെന്ന് പറയുന്നത് ജനാധിപത്യ വിരുദ്ധ നിലപാടാണ്.
സുരക്ഷ സിആർപിഎഫിന് കൈമാറുന്നത് വിചിത്രമായ കാര്യമാണ്. സംസ്ഥാനത്തിന്റെ തലവനെന്ന നിലയിൽ ഏറ്റവുമധികം സുരക്ഷ ലഭിക്കുന്ന സ്ഥാനത്താണ് ഗവർണർ ഇരിക്കുന്നത്. എന്നാൽ ആ സുരക്ഷ വേണ്ടെന്ന നിലപാട് അദ്ദേഹം സ്വീകരിച്ചു. കേരളത്തിലെ ആർഎസ്എസ് പ്രവർത്തകർക്ക് സുരക്ഷ ലഭിച്ചിരുന്നു. ആ പട്ടികയിലേക്കാണ് ആരിഫ് മുഹമ്മദ് ഖാനും പോകുന്നത്. ഇനി കേന്ദ്രസർക്കാർ നൽകുന്ന സുരക്ഷയുടെ കൂടിലേക്ക് ഒതുങ്ങുകയാണ് ഗവർണർ. അതിന്റെ മേന്മ എന്താണെന്ന് എനക്കറിയില്ല. എന്താ, കേരളത്തിൽ ഇനി സിആർപിഎഫ് ഭരിക്കുമോ? കേരളം എന്താ സിആർപിഎഫിനെ കണ്ടിട്ടില്ലേ? അവർക്ക് നേരിട്ട് കേസെടുക്കാൻ പറ്റുമോ? ഗവർണറുടെ സുരക്ഷയ്ക്ക് എന്തെങ്കിലും കുഴപ്പം പറ്റിയിട്ടുണ്ടോ ഇതുവരെ? അദ്ദേഹം ആഗ്രഹിക്കുന്ന രീതിയിൽ ഇറങ്ങി പ്രവർത്തിക്കാൻ സിആർപിഎഫിന് കഴിയുമോ? കാരണം ഇവിടെ എഴുതപ്പെട്ട നിയമങ്ങളുണ്ട്. അതിൽ നിന്ന് വ്യത്യസ്തമായി കേരളത്തിന് പോകാൻ കഴിയുമോ? ഏത് അധികാര സ്ഥാനത്തിനും മുകളിലാണ് നിയമം എന്ന് ഗവർണർ മനസിലാക്കണം.
ഇത്തരം കാര്യങ്ങളിൽ സ്വയം വിവേകം കാണിക്കാൻ ഗവർണർ തയ്യാറാകണം. ആ, ഇ, എ എന്ന് സ്കൂളിൽ നിന്ന് പഠിക്കുന്നതല്ല. സ്വന്തം അനുഭവത്തിലൂടെ പഠിക്കേണ്ട ഒന്നാണ്. ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവർ ജനാധിപത്യ മര്യാദയും പക്വതയും കാണിക്കണം. ആരോഗ്യമുണ്ടെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും എന്തെങ്കിലും ആരോഗ്യപ്രശ്നമുണ്ടോയെന്ന് അന്വേഷിക്കുന്നത് നല്ലതാണ്.” -മുഖ്യമന്ത്രി പറഞ്ഞു.