ടെൽ അവീവ്: നാല് മാസത്തോളമായി തുടരുന്ന യുദ്ധത്തിൽ 10,000ത്തോളം ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. പതിനായിരത്തിലധികം ഹമാസ് ഭീകരർക്ക് ആക്രമണത്തിൽ പരിക്കേറ്റുവെന്നും, ഖാൻ യൂനിസിൽ ഹമാസ് ബ്രിഗേഡിനെ ഇസ്രായേൽ സൈന്യം തകർത്തതായും യോവ് ഗാലന്റ് വ്യക്തമാക്കി. ” ഖാൻ യൂനിസിൽ ഞങ്ങൾ ഇപ്പോൾ ലക്ഷ്യങ്ങൾ നേടിക്കൊണ്ടിരിക്കുകയാണ്. ഇസ്രായേലിലെത്തി ഇവിടുത്തെ ജനങ്ങളെ ഭീഷണിപ്പെടുത്താനും ഇല്ലാതാക്കാനും ശ്രമിച്ച ഭീകര ശക്തികളെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കുക തന്നെ ചെയ്യുമെന്നും” യോവ് ഗാലന്റ് പറഞ്ഞു.
അതേസമയം ഗാസയിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള പോരാട്ടം അവസാനിപ്പിച്ച് ബന്ദികളെ മോചിപ്പിക്കാനുള്ള നിർദ്ദേശത്തിന് ഹമാസിന്റെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തർ വിദേശകാര്യ വക്താവ് മജീദ് അൽ അൻസാരി പറഞ്ഞു. പാരീസിലാണ് ഇത് സംബന്ധിച്ച യോഗം നടന്നത്. ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ആദ്യ ഘട്ടത്തിൽ തന്നെ അനുകൂല പ്രതികരണം ലഭിച്ചു, ഇപ്പോൾ ഹമാസിന്റെ ഭാഗത്ത് നിന്നും സമാനമായ രീതിയിലുള്ള പ്രതികരണം വരുന്നതിന്റെ സൂചനകൾ ലഭിച്ചതായും മജീദ് അൽ അൻസാരി വ്യക്തമാക്കി.
പാരീസിൽ വച്ചാണ് ഇസ്രായേൽ, ഈജിപ്ത്, ഖത്തർ, യുഎസ് ഉദ്യോഗസ്ഥർ തമ്മിൽ കൂടിക്കാഴ്ച നടന്നത്. ചർച്ചയിൽ ഉരുത്തിരിഞ്ഞ പ്രശ്ന പരിഹാര നിർദ്ദേശങ്ങൾ ഹമാസിനെ അറിയിക്കുകയായിരുന്നു. വെടിനിർത്തൽ നടപ്പിലാക്കണമെന്നും, യുദ്ധം അവസാനിപ്പിച്ച ശേഷം ബന്ദികളെ വിട്ടു നൽകുന്ന കാര്യത്തിൽ ചർച്ചകൾ നടത്താമെന്നുമായിരുന്നു ഹമാസിന്റെ നിലപാട്. എന്നാൽ ഇത് അംഗീകരിക്കാനാകില്ലെന്നും, ബന്ദികളെ മോചിപ്പിക്കാതെ വെടിനിർത്തൽ നടപ്പാക്കില്ലെന്നും ഇസ്രായേൽ വ്യക്തമാക്കിയിരുന്നു.