ലൊസാഞ്ചലസ്: അമേരിക്കൻ സംവിധായകനും നടനുമായ കാൾ വെതേഴ്സ് (76) അന്തരിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. മരണകാരണം ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. കാൾ വെതേഴ്സിന്റെ 50 വർഷം നീണ്ട അഭിനയ ജീവിതത്തിൽ 75ലധികം സിനിമകളിൽ അഭിനയിക്കുകയും, നിരവധി ടിവി ഷോകളുടെ ഭാഗമായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
1948-ലെ ന്യൂഓർലിയൻസിലായിരുന്നു വെതേഴ്സിന്റെ ജനനം. റോക്കി, പ്രഡേറ്റർ,ആക്ഷൻ ജാക്സൻ തുടങ്ങിയ സിനിമകളിലൂടെയാണ് കാൾ വെതേഴ്സ് ജനശ്രദ്ധ നേടിയത്. ഡിസ്നിയുടെ സ്റ്റാർ വാർസ് പരമ്പയിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 2021ൽ എമ്മി അവാർഡിന് ശുപാർശ നേടിയ വ്യക്തിയായിരുന്നു കാൾ വെതേഴ്സ്.
സിനിമ, ടെലിവിഷൻ, കല, കായികം എന്നീ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കാൾ വെതേഴ്സിന് നിരവധി പ്രമുഖരാണ് ആദരാഞ്ജലികൾ അർപ്പിച്ചത്. സാൻ ഡിയെഗൊ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഫുട്ബോൾ കളിക്കാരനായാണ് കാൾ വെതേഴേ്സിന്റെ കരിയർ ആരംഭിക്കുന്നത്.