ന്യൂഡൽഹി: ഭക്ഷണപ്രേമികൾക്ക് പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ് ഗോബി മഞ്ചൂരിയൻ. കോളിഫ്ലവറും റെഡ് സോസും കലർത്തിയുണ്ടാക്കുന്ന വേറിട്ടൊരു വിഭവം നിരവധിയാളുകളുടെ ഫേവറേറ്റ് ആണെന്നതിൽ തർക്കമില്ല. എന്നാൽ രാജ്യത്തെ ഒരു നഗരത്തിൽ ഗോബി മഞ്ചൂരിയൻ നിരോധിച്ചിരിക്കുകയാണ് പ്രാദേശിക ഭരണകൂടം. അതിന് കാരണവുമുണ്ട്.
ഗോവയിലെ മാപുസ എന്ന നഗരത്തിലാണ് ഗോബി മഞ്ചൂരിയൻ നിരോധിച്ചത്. വിഭവത്തിൽ ഉൾപ്പെടുത്തുന്ന ചില സിന്തറ്റിക് നിറങ്ങൾ ഉയർത്തുന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് മാപുസ മുനിസിപ്പൽ കൗൺസിലിന്റെ നടപടി. അതിനാൽ നഗരത്തിലെ സ്റ്റാളുകളിൽ ഇനിമുതൽ ഗോബി മഞ്ചൂരിയൻ വിൽക്കാൻ പാടുള്ളതല്ല.
ഇതാദ്യമായല്ല ഗോവയിൽ ഗോബി മഞ്ചൂരിയന് വിലക്ക് ഏർപ്പെടുത്തുന്നത്. 2022ൽ ശ്രീ ദാമോദർ ക്ഷേത്രത്തിലെ വാസ്കോ സപ്താഹ് ഫെയറിനോട് അനുബന്ധിച്ച് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ മഞ്ചൂരിയന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. മോർമുഗാവ് മുനിസിപ്പൽ കൗൺസിലിൽ ഗോബി മഞ്ചൂരിയൻ വിൽക്കരുതെന്നായിരുന്നു നിർദ്ദേശം. നഗരത്തിലെ പല സ്റ്റാളുകളിലും വൃത്തിയും വെടിപ്പുമില്ലാതെ ഗോബി മഞ്ചൂരിയൻ തയ്യാറാക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു നടപടി.
മാത്രവുമല്ല, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന സിന്തറ്റിക് നിറങ്ങളാണ് ഗോബി മഞ്ചൂരിയൻ പാചകം ചെയ്യാൻ ഉപയോഗിക്കുന്നതെന്നും പ്രാദേശിക ഭരണകൂടം കണ്ടെത്തിയിരുന്നു. തുണികൾ അലക്കാൻ ഉപയോഗിക്കുന്ന പൗഡറുകൾ പോലും പാചകത്തിനിടെ ചേർക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയായിരുന്നു ഗോബി മഞ്ചൂരിയൻ വിൽപ്പനയ്ക്കെതിരെ കർശന നടപടി സ്വീകരിച്ചത്.