ശ്രീനഗർ: ജമ്മു കശ്മീരിലെ സോനാമാർഗിൽ വൻ ഹിമപാതമുണ്ടായതായി അധികൃതർ അറിയിച്ചു. ശ്രീനഗർ-ലേ ഹൈവേയിലാണ് ഹിമപാതം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. സോജില ടണൽ ഭാഗത്തും ഹിമപാതം റിപ്പോർട്ട് ചെയ്തു.
ശക്തമായ ഹിമപാതമാണ് ഉണ്ടായതെങ്കിലും നാശനഷ്ടങ്ങളൊന്നും സംഭവിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം കശ്മീരിൽ മഞ്ഞുവീഴ്ച വരും ദിവസങ്ങളിലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കശ്മീർ തഴ്വരയിൽ താമസിക്കുന്നവർക്ക് ഹിമപാത മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ഹിമപാത മുന്നറിയിപ്പുള്ളതിനാൽ ജനങ്ങൾക്ക് ജാഗ്രത മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഹിമപാതത്തിന് സാധ്യതയുള്ളതിനാൽ സഞ്ചാരികൾക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.