ന്യൂഡൽഹി: മോദിയുടെ ജനകീയ പ്രതിച്ഛായ തകർക്കുക എന്നതാണ് തങ്ങളുടെ സമരത്തിന്റെ ലക്ഷ്യമെന്ന് മാദ്ധ്യമങ്ങൾക്ക് മുന്നിൽ തുറന്ന് പറഞ്ഞ് കർഷക സംഘടന നേതാവ്. പഞ്ചാബിൽ നിന്നുള്ള സംയുക്ത കർഷക മോർച്ച നേതാവായ ജഗജിത് സിംഗ് ദല്ലേവാളാണ് കർഷക സംഘടനകളുടെ സമരത്തിന് പിന്നിലെ രാഷ്‌ട്രീയ ലക്ഷ്യം വിളിച്ചുപറഞ്ഞ് പ്രതിരോധത്തിലായിരിക്കുന്നത്. രാമക്ഷേത്രം യാഥാർത്ഥ്യമായതിന് പിന്നാലെ മോദിയുടെ പ്രതിച്ഛായ വർദ്ധിച്ചതായും അത് തകർക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നുമാണ് ജഗജിത് സിംഗ് കഴിഞ്ഞദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞത്.
മോദിയുടെ പ്രതിച്ഛായ ഉയർന്നിരിക്കുകയാണ്. രാമക്ഷേത്രത്തിന് ശേഷം ഗ്രാഫ് കൂടുതൽ ഉയർന്നു. അത് താഴ്‌ത്തണം. അതിന് വളരെ കുറച്ച് സമയം മാത്രമാണ് ബാക്കി. ഞാൻ പലരോടും ഇക്കാര്യം പറഞ്ഞിട്ടുള്ളതാണ്. കുറച്ച് അവസരങ്ങൾ മാത്രമേ അതിന് ലഭിക്കുകയുള്ളു. ജഗജിത് സിംഗ് ദല്ലേവാൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ജഗജിത് സിംഗ് ദല്ലേവാളിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വൻ പ്രതിഷേധമാണ് കർഷക സംഘടന നേതാക്കൾക്കെതിരെ ഉയർന്നിരിക്കുന്നത്. ദല്ലേവാളിനെതിരെ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും രംഗത്തുവന്നു. തികച്ചും രാഷ്‌ട്രീയപരമായ പരാമർശമാണ് നടന്നിരിക്കുന്നതെന്നും ഇത്തരത്തിൽ വലിയ പ്രതിഷേധങ്ങൾ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി ഇടിക്കാകമെന്നത് വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സമര ലക്ഷ്യം എന്താണെന്ന് ഇതോടെ ജനങ്ങൾക്ക് ബോധ്യമായതായും അദ്ദേഹം വ്യക്തമാക്കി.
ചൊവ്വാഴ്ച പഞ്ചാബിൽ നിന്നും ഡൽഹിയിലേക്ക് സംയുക്ത കിസാൻ മോർച്ചയുടെ ഒരു വിഭാഗം നടത്തിയ ട്രാക്ടർ റാലി ഹരിയാന അതിർത്തിയിൽ വച്ച് പോലീസ് തടഞ്ഞിരുന്നു. തുടർന്ന് അക്രമാസക്തരായ സമരക്കാർക്ക് നേരെ ഹരിയാന പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. സമരം ആരംഭിച്ചപ്പോൾ തന്നെ ഇത് രാഷ്‌ട്രീയ പ്രേരിതമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇത് സാധൂകരിക്കുന്നതാണ് ജഗജിത് സിംഗ് ഇപ്പോൾ നടത്തിയ പരാമർശം.
https://twitter.com/AskAnshul/status/1757994927265554797















