കോഴിക്കോട്: കൗതുകമായി വീട്ടുമുറ്റത്തൊരു മുരിങ്ങമരം. കോഴിക്കോട് ബേപ്പൂർ സ്വദേശി ജയദേവന്റെ വീട്ടിലാണ് അതിശയിപ്പിക്കുന്ന മുരിങ്ങമരമുള്ളത്. ഓരോ മുരിങ്ങകായ്ക്കും രണ്ട് മീറ്ററിലധികം നീളമാണുള്ളത്.
വർഷത്തിൽ ഏകദേശം നൂറ് കിലോയിലധികം മുരിങ്ങകായ്കളാണ് ജയദേവന് ഈ ഒരൊറ്റ മുരിങ്ങമരത്തിൽ നിന്നും ലഭിക്കുന്നത്. സാധാരണ മുരിങ്ങ കായ്കളുടെ ഇരട്ടിയിലധികം നീളമാണ് ഓരോ കായ്കൾക്കുമുള്ളത്. രണ്ടര മീറ്ററിലധികം നീളമുള്ള കായ്കൾ വരെ ഈ മുരിങ്ങമരത്തിൽ ഉണ്ടായിട്ടുണ്ട്.
15 വർഷം മുമ്പ് അങ്ങാടിയിൽ നിന്ന് വാങ്ങിയ വിത്തിൽ നിന്നാണ് മരം ഉണ്ടായത്. മരത്തിൽ ഉണ്ടാവുന്ന കായ്കളെല്ലാം അയൽവാസികൾക്ക് സൗജന്യമായി നൽകുകയാണ് പതിവെന്നും ഇവ മറ്റ് മുരിങ്ങകായ്കളിൽ നിന്നും വളരെ രുചിയുള്ളതാണെന്നും ജയദേവൻ പറഞ്ഞു.