ആദ്യമായി സംവിധാനം ചെയ്ത മറാത്തി സിനിമ വേദിന്റെ വിജയത്തിളക്കത്തിലാണ് ബോളിവുഡ് താരം ഋതേഷ് ദേശ്മുഖ. ചലച്ചിത്രത്തിന്റെ വിജയാഘോഷങ്ങൾ നടക്കുന്നതിനിടെ മറ്റൊരു സുപ്രധാന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് താരം. വേദിന് ശേഷം തന്റെ രണ്ടാമത്തെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമായ രാജാ ശിവാജിയുടെ വിശേഷങ്ങളാണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.
” ഛത്രപതി ശിവാജി മഹാരാജ് ജയന്തി ദിനത്തിൽ തന്നെ ഇത് പറയുന്നതിൽ ഞാൻ ആവേശഭരിതനാണ്. ഇന്ന് നമ്മൾ ശിവജയന്തി ആഘോഷിക്കുകയാണ്. ഈ ദിനം തന്നെയാണ് ഇക്കാര്യം പറയുന്നതിന് അനുയോജ്യം. ഛത്രപതി ശിവാജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള എന്റെ രണ്ടാമത്തെ സംവിധാനത്തിൽ ഒരുങ്ങുന്ന രാജാ ശിവാജി വൈകാതെ നിങ്ങൾക്ക് മുമ്പിൽ എത്തും.”- ഋതേഷ് ദേശ്മുഖ് അറിയിച്ചു.
അനീതിക്കെതിരെ നിലക്കൊള്ളാൻ നമ്മെ പഠിപ്പിച്ച ഛത്രപതി ശിവാജി മഹാരാജിന്റെ പോരാട്ടങ്ങൾ നാം നിരവധി കേട്ടറിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ കഥകൾ പ്രചോദനം പകരുന്നതാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് സിനിമ സംവിധാനം ചെയ്യുന്നതെന്നും ഋതേഷ് വ്യക്തമാക്കി. ജിയോ സ്റ്റുഡിയോയുമായി സഹകരിച്ച് ഋതേഷിന്റെ തന്നെ പ്രൊഡക്ഷൻ ഹൗസായ മുംബൈ ഫിലിം കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. മറാത്തിയിലും ഹിന്ദിയിലുമാണ് ചിത്രം പുറത്തിറങ്ങുന്നതെന്നും അദ്ദേഹം അറിയിച്ചു