കൊല്ലം: ഭാരതത്തിൽ കോൺഗ്രസ് ഇല്ലാതാകുന്നതിന്റെ കാരണം ഈ രാജ്യത്തിന്റെ സംസ്കാരത്തെ ഉൾക്കൊള്ളാത്തതിനാലാണെന്ന് സംവിധായകൻ അഖിൽ മാരാർ. കോൺഗ്രസിന് ഒരുപാട് അപചയങ്ങൾ ഉണ്ടായിട്ടുണ്ട്. കോൺഗ്രസിന്റെ പല തീരുമാനങ്ങളും പാളിപോയി. കമ്യൂണിസ്റ്റ് പാർട്ടിയേക്കാൾ വലിയ കമ്യൂണിസം പറയാൻ തുടങ്ങിയതോടെ ഇന്ത്യ എന്ന് പറയുന്ന രാജ്യത്തെ തള്ളിപ്പറയുന്ന സാഹചര്യത്തിലൂടെ വരെ കോൺഗ്രസ് കടന്നു പോയി.
ഇന്ത്യയെ അവർക്ക് തിരിച്ചറിയാൻ കഴിയാതായി. പശുവും കിടാവും ചിഹ്നത്തിൽ മത്സരിച്ച ആളാണ് ഇന്ദിരാഗാന്ധി. പശുവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇന്നൊന്നും തുടങ്ങിയ വിഷയമല്ല. പശുവിന്റെ നെയ്യും പന്നിയുടെ നെയ്യും പുരട്ടിയ തിര കടിച്ച് മരിക്കാൻ ശിപ്പായിമാരോട് ബ്രിട്ടീഷുകാർ പറഞ്ഞ കാലമുണ്ടായിരുന്നു. മതവികാരം ആളിക്കത്തിച്ച് അവർക്കെതിരെ പോരാടിയ ഒരു ജനവിഭാഗം ഇന്ത്യയിലുണ്ടായിരുന്നു. അത് കോൺഗ്രസിനെയോ ആർഎസ്എസിനെയോ കണ്ടിട്ടൊന്നുമല്ലായിരുന്നു. രാജ്യത്തെ ഓരോ ഭാഗത്തുമുള്ള പ്രാദേശിക വികാരത്തെ മനസിലാക്കാൻ കഴിയണം. നാനാത്വത്തിൽ ഏകത്വമുള്ള രാജ്യമാണ് ഇന്ത്യ. ഇത് കോൺഗ്രസ് മനസിലാക്കണം.
കോൺഗ്രസ് ഇന്ത്യയുടെ ദേശീയ ബോധത്തെയും ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമായ ഹൈന്ദവ ബോധത്തെയും പൂർണമായി ഉൾക്കൊള്ളാതെ മാറി നിന്നുകൊണ്ട് കമ്യൂണിസ്റ്റുകാരേക്കാളും വലിയ കമ്യൂണിസം പറയാൻ തുടങ്ങിയതോടെയാണ് രാജ്യത്ത് കോൺഗ്രസ് തകരാൻ തുടങ്ങിയത്. അത് കോൺഗ്രസിന്റെ തീരുമാനമാണ്. എന്നാൽ കോൺഗ്രസിന്റെ നേതാക്കന്മാർ ഇക്കാര്യങ്ങൾ തിരിച്ചറിഞ്ഞാൽ കോൺഗ്രസിന് കൊള്ളാം- അഖിൽ മാരാർ പറഞ്ഞു.















