ന്യൂഡൽഹി: ജനപ്രീതി നേടി ഡിജി യാത്ര ആപ്പ്. ബോർഡിംഗ് പാസോ തിരിച്ചറിയൽ കാർഡോ ഇല്ലാതെ വിമാനത്താവളങ്ങളിലൂടെ കടന്നുപോകാൻ യാത്രക്കാരെ അനുവദിക്കുന്ന ഫെയ്‌സ് സ്കാൻ ബയോമെട്രിക് സാങ്കേതികവിദ്യയായ ഡിജി യാത്ര ഇതുവരെ ഉപയോഗിച്ചത് 1.4 കോടി യാത്രക്കാർ. സാങ്കേതികവിദ്യ അവതരിപ്പിച്ച് 14 മാസത്തിനുള്ളിലാണ് ഈ നേട്ടം. വ്യോമയാന മന്ത്രാലയത്തിന്റ കണക്കുകൾ പ്രകാരം ഡൽഹി, ബെംഗളൂരു വിമാനത്താവളങ്ങളിലാണ് ഡിജി യാത്രക്കാരുടെ എണ്ണത്തിൽ മുൻപന്തിയിൽ.
രാജ്യത്തുടനീളമായി 13 വിമാനത്താവളങ്ങളിലാണ് ഡിജി യാത്ര സേവനം ലഭ്യമാകുന്നത്. ഫെബ്രുവരി പത്ത് വരെ 46 ലക്ഷം ഉപയോക്താക്കളാണ് ഡിജി ആപ്പ് ഡൗൺലോഡ് ചെയ്തത്. ജനുവരി ഒന്നിന് 38 ലക്ഷം പേരായിരുന്നു. ഒരു മാസം കൊണ്ട് 20 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയത്. ടെർമിനിലേക്ക് സുഗമമായി പ്രവേശനത്തിന് പുറമേ ചെക്ക്പോസ്റ്റുകളിലേക്കുള്ള പ്രവേശനവും അനുവദിക്കുന്നു. ജനുവരി 31-ന് 1.36 കോടി ഉപയോക്താളാണ് ഡിജി ആപ്പിന് ഉണ്ടായിരുന്നതെങ്കിൽ ഫെബ്രുവരി പകുതിയോടെ ഇത് 1.44 കോടി ആയി ഉയർന്നു.
വളരെ കുറഞ്ഞ സമയം കൊണ്ട് ചെക്ക് ഇൻ, ചെക്ക് ഔട്ട് ചെയ്യാൻ സാധിക്കുമെന്നതാണ് ഡിജി ആപ്പിന്റെ പ്രത്യേകത. പ്രത്യേകം ഗേറ്റുകൾ വഴിയാണ് ഇവരെ പ്രവേശിപ്പിക്കുന്നത്. ഡിജി യാത്രക്കാരൻ കേവലം മൂന്ന് സെക്കൻഡ് സമയം മാത്രമാണ് ഗേറ്റിൽ ചെലവഴിക്കേണ്ടതായി വരുന്നുള്ളൂ. ഈ സമയം കൊണ്ട് തന്നെ ബോർഡിംഗ് പാസിലെ ബാർ കോഡ് സ്കാൻ ചെയ്യാനും മുഖം തിരിച്ചറിയുന്നതിനായി ക്യാമറയിലേക്ക് നോക്കുകയും ഇ-ഗേറ്റ് തുറക്കപ്പെടുകയും ചെയ്യുന്നു.















