ചൈനയിലെ പരമ്പരാഗത തെറാപ്പി ചികിത്സയാണ് അക്യൂപങ്ചർ. വേദന സംഹാരിയെന്നാണ് അക്യൂപങ്ചർ ചികിത്സാ രീതിയെ അറിയപ്പെടുന്നത്. ആയിരക്കണക്കിന് വർഷം പഴക്കമുള്ള പരമ്പരാഗത ചൈനീസ് ചികിത്സാ രീതിയെന്നാണ് അക്യൂപങ്ചറിനെക്കുറിച്ച് ചരിത്രകാരന്മാരും പറയുന്നത്. ചൈനയിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അക്യൂപങ്ചർ ചികിത്സാ രീതി വ്യാപിക്കുകയായിരുന്നു.
ശരീരത്തിലെ പ്രഷർ പോയന്റുകളിൽ നേർത്ത, ലോഹ സൂചികൾ ഉപയോഗിച്ച് മര്‍ദ്ദം നല്‍കിയാണ് അക്യുപങ്ചർ തെറാപ്പി ചെയ്യുന്നത്. സൂചികളിലൂടെ നേർത്ത വൈദ്യുത പ്രവാഹം കടത്തിവിട്ടാണ് ഇവർ ചികിത്സ നടത്തുന്നത്.തെറാപ്പിയിൽ അഗ്രഗണ്യർ ആയവർക്ക് മാത്രമേ കൃത്യമായി ഇത് ചെയ്യാൻ സാധിക്കൂ.
തലവേദന പോലുള്ള അസുഖങ്ങൾക്കാണ് അക്യുപങ്ചർ ചികിത്സാ രീതി സാധാരണയായി പ്രയോഗിക്കുന്നത്. പാർശ്വഫലങ്ങളില്ലാതെ വേദന മാറുമെന്നാണ് പറയപ്പെടുന്നത്. മാനസിക സമ്മർദ്ദത്തിനും നീർവീക്കങ്ങൾക്കും അക്യുപങ്ചർ ചികിത്സാ രീതി പൊതുവെ സഹായകമാകും.
ഈ ചികിത്സയ്ക്കായി സൂചി ഉപയോഗിക്കുമ്പോൾ ഏറെ ശ്രദ്ധിക്കണമെന്ന് പറയാറുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ അമിത രക്ത സ്രാവം, മുറിവ്, ചതവ് എന്നിവയും ഈ തെറാപ്പിയിലൂടെ സംഭവിക്കും. അണുവിമുക്തമാക്കാത്ത സൂചികളാണ് ഉപയോഗിക്കുന്നതെങ്കിൽ അണുബാധയ്ക്ക് കാരണമാകും. ചില സന്ദർഭങ്ങളിൽ സൂചി ഒടിഞ്ഞുപോകുന്നതും വലിയ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.