പത്തനംതിട്ട: കോൺഗ്രസ് പാർട്ടിയുടെ സമരാഗ്നി പരിപാടിക്കിടെ കെ.സുധാകരന് പകരം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന് സ്വാഗതം ആശംസിച്ച് മുതിർന്ന നേതാവ് ആന്റോ ആന്റണി. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഉൾപ്പടെയുള്ള വേദിയിലായിരുന്നു അമിളി പറ്റിയത്.
‘സമരാഗ്നി’ എന്ന പേരിലുള്ള സംസ്ഥാനതല ജാഥയ്ക്ക് പത്തനംതിട്ടയിൽ നൽകിയ സ്വീകരണ പരിപാടിക്കിടെയായിരുന്നു സംഭവം. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ എന്നായിരുന്നു ആന്റോ ആന്റണി പറഞ്ഞത്. അമിളി പറ്റിയത് മനസിലായതോടെ തിരുത്തുകയും ചെയ്തു.
‘സമരാഗ്നിയുടെ നായകൻ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ ബഹുമാന്യനായ കെ. സുരേന്ദ്രൻ അവർകളേ….’ എന്നായിരുന്നു ആന്റോ ആന്റണി സ്വാഗതം ചെയ്തത്. അബദ്ധം പറ്റിയെന്ന് മനസിലായതോടെ വാക്കുകൾ തിരുത്തുകയായിരുന്നു. ‘കെ.സുധാകരൻ അവർകളേ…’ എന്ന് രണ്ടാമത് എടുത്ത് പറയുകയായിരുന്നു. കെ. സുരേന്ദ്രന്റെ പേര് പറഞ്ഞതോടെ കെ. സുധാകരനും വി .ഡി സതീശനും ഉൾപ്പെടെയുള്ള വേദിയിലേക്ക് തിരിഞ്ഞ് നോക്കിയതിന് ശേഷമാണ് പേര് മാറ്റി പറഞ്ഞത്. ഇതോടെ സദസിൽ നിന്നും അമളിപറ്റിയെന്ന തരത്തിലുള്ള ആർപ്പുവിളികളും മുഴങ്ങുന്നത് വീഡിയോയിൽ കാണാം.