എറണാകുളം: പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. കോതമംഗലത്തിന് സമീപം വേട്ടാംപാറ ഭാഗത്ത് പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയ കണ്ണൂര്‍ ഏഴിമല സ്വദേശി ടോണി (37) ആണ് മരിച്ചത്. കൊച്ചി മെട്രോ ഓപ്പറേഷന് വിഭാഗം ജീവനക്കാരനാണ് ജോണി. വട്ടാംപാറ പമ്പ് ഹൗസിന് സമീപം അയ്യപ്പന്‍കടവില്‍ ഞായറാഴ്ച വൈകീട്ട് 3.15 ഓടെയായിരുന്നു സംഭവം. കൊച്ചി മെട്രോയിലെ ജീവനക്കാരായ അഞ്ചംഗ സംഘം ഇവിടെ വിനോദയാത്രക്കെത്തിയതായിരുന്നു.
സുഹൃത്തുക്കളുമൊത്ത് കുളിക്കാനിറങ്ങിയ ടോണി ഒഴുക്കിൽപ്പെട്ട് മുങ്ങിമരിക്കുകയായിരുന്നു. അഗ്നി രക്ഷാസേനയുടെ സ്കൂബ ടീം രണ്ട് മണിക്കൂറോളം പുഴയില്‍ തിരച്ചില്‍ നടത്തിയായിരുന്നു മൃതദേഹം കണ്ടെത്തിയത്. കാണാതായ ഭാഗത്തുനിന്ന് അര കിലോമീറ്റര്‍ മാറി പുഴയിലെ പൊട്ടവഞ്ചി ഭാഗത്തുനിന്നും 5.45 ഓടെയാണ് മൃതദേഹം കണ്ടെടുത്തത്.