തെന്നിന്ത്യൻ സിനിമാ ലോകമാകെ മമ്മൂട്ടിയുടെ പകർന്നാട്ടത്തിൽ മുഴുകുകയാണ്. ഭ്രമയുഗം തെന്നിന്ത്യൻ ബോക്സോഫീസിലും മിന്നും പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ഇപ്പോൾ തമിഴ്നാട്ടിൽ നിന്നുള്ള ചില കണക്കുകളാണ് പുറത്ത് വരുന്നത്. സിനിമ ഇതിനകം തമിഴ്നാട്ടിലെ ഓൾ ടൈം മലയാളം ഗ്രോസേഴ്സിൽ അഞ്ചാം സ്ഥാനം നേടിയെന്നാണ് അനലിസ്റ്റുകളുടെ കണക്കുകൾ.
1.60 കോടിയാണ് ഭ്രമയുഗത്തിന് ഇതുവരെ തമിഴ്നാട്ടിൽ നേടാൻ കഴിഞ്ഞത്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രമാണ് നിലവിൽ തമിഴ്നാട്ടിൽ നിന്ന് ഏറ്റവും കളക്ഷൻ സ്വന്തമാക്കിയ മലയാളം സിനിമ. തൊട്ടുപിന്നാലെയുള്ളത് വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയമാണ്. ലൂസിഫറിനും പ്രേമത്തിനും ശേഷം ഭ്രമയുഗത്തിനാണ് അഞ്ചാം സ്ഥാനം. ഭ്രമയുഗത്തിന് ഇപ്പോഴും വൻ പിന്തുണ ലഭിക്കുന്നതിനാൽ കണക്കുകളിൽ വ്യത്യാസം വരുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.
ആഗോള ബോക്സോഫീസിൽ ഭ്രമയുഗം 50 കോടി കഴിഞ്ഞിരിക്കുകയാണ്. മമ്മൂട്ടിക്കൊപ്പം സിദ്ധാർത്ഥ് ഭരതൻ, അർജുൻ അശോകൻ അമാൽഡിയാസ് മണികണ്ഠൻ ആചാരി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളായത്. ചിത്രത്തിന്റെ നിർമ്മാതാക്കൾ തന്നെയാണ് ഭ്രമയുഗം 50 കോടി പിന്നിട്ട കാര്യം വെളിപ്പെടുത്തിയത്.