മനുഷ്യന് എത്തിപ്പെടാൻ സാധിക്കാത്ത സ്ഥലങ്ങൾ ഭൂമിയിലില്ല എന്നാണ് പൊതുവെ നാം പറയാറുള്ളത്. ഭൂമിയിലെ നിഗൂഢതകൾ അറിയുന്നതിനൊപ്പം ഇപ്പോൾ ഇന്ത്യയിൽ നിന്നും ബഹിരാകാശത്തെത്താനും ഒരു മലയാളി ഉൾപ്പെടെയുള്ള സംഘം തയ്യാറായിട്ടുണ്ട്. ചന്ദ്രനിൽ പോലും മനുഷ്യൻ എത്തിപ്പെടുന്നു. അങ്ങനെയെങ്കിൽ മനുഷ്യന് എത്തിപ്പെടാൻ സാധിക്കാത്ത സ്ഥലം ഭൂമിയിൽ ഇല്ലേ? എന്നാൽ അങ്ങനെയൊരു സ്ഥലമുണ്ട്. അങ്ങ് ബ്രസീലിൽ! ഇവിടേക്ക് എത്തിപ്പെടാൻ സാധിക്കുമെങ്കിലും എത്തിപ്പെട്ടാൽ ജീവനോടെ പുറത്തുകടക്കുക വെല്ലുവിളികൾ നിറഞ്ഞതാണ്. ആരും പോകാൻ ഭയക്കുന്ന ബ്രസീലിലെ ആ ദ്വീപിനെ കുറിച്ച് അറിയാം..
പാമ്പുകളുടെ ദ്വീപ് എന്നറിയപ്പെടുന്ന ബ്രസീലിലെ ദ്വീപ സമൂഹമാണിത്. ബ്രസീലിന്റെ തെക്കുകിഴക്കൻ തീരത്ത് നിന്നും ഏകദേശം 90 മൈൽ അകലെ സ്ഥിതി ചെയ്യുന്ന ഈ ദ്വീപിൽ കൊടും വിഷം നിറഞ്ഞ പാമ്പുകൾ മാത്രമാണ് വസിക്കുന്നത്. ചെറുതും വലുതുമായി ശാസ്ത്രലോകത്തിന് എണ്ണി തിട്ടപ്പെടുത്താൻ സാധിക്കാത്ത തരത്തിൽ നിരവധി വിഷ പാമ്പുകളാണ് ഇവിടെ വിഹരിക്കുന്നത്. സ്നേക്ക് ഐലൻഡ് എന്നറിയപ്പെടുന്ന ഈ ദ്വീപിന്റെ ഭാഗങ്ങളോട് ചേർന്ന് പോയ ഒരു മത്സ്യത്തൊഴിലാളി രക്തത്തിൽ കുളിച്ചു കിടന്നിരുന്നതുമായി ബന്ധപ്പെട്ട കഥകളും ബ്രസീലിൽ പ്രചരിക്കുന്നുണ്ട്. ബ്രസീലിയൻ ഭരണകൂടം ഇവിടേക്കുള്ള പ്രവേശനം കർശനമായി നിരോധിച്ചിരിക്കുന്നു. ഇവിടെ പ്രവേശിച്ചാൽ ജീവനോടെ പുറത്തുകടക്കുന്ന കാര്യം സംശയമായതോടെയാണ് ഭരണകൂടം പ്രവേശനം നിർത്തലാക്കിയത്. നിധി കാക്കുന്ന ഭൂതങ്ങളുടെ പാമ്പുകളാണ് ഇവയെന്നും ബ്രസീലിയൻ ഗ്രാമവാസികൾ വിശ്വസിച്ചു പോരുന്നു.
കടിയേറ്റാൽ നിമിഷ നേരങ്ങൾക്കുള്ളിൽ മരണം സംഭവിക്കാവുന്ന വിധത്തിലുള്ള പാമ്പുകളാണ് ഈ ദ്വീപിലുള്ളത്. അണലി, അനാക്കോണ്ട തുടങ്ങി പല വർഗത്തിൽപ്പെടുന്ന പാമ്പുകളുണ്ടെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ. ഇതിൽ സ്വർണ നിറത്തിലുള്ള പാമ്പാണ് ദ്വീപിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. ഇവയുടെ വിഷം അൽപ്പമെങ്കിലും മനുഷ്യ ശരീരത്തിലെത്തിയാൽ നിമിഷ നേരങ്ങൾക്കുള്ളിൽ മരണം സംഭവിക്കും. 2,000നും 4,000നും ഇടയിൽ ഈ പാമ്പുകൾ ഇവിടെയുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ദ്വീപിലെത്തുന്ന പക്ഷികളും ചെറു മൃഗങ്ങളുമാണ് ഇവയുടെ പാമ്പുകളുടെ പ്രധാന ഭക്ഷണം. നിരവധി വിശ്വാസങ്ങളാണ് ഈ ദ്വീപിനെ കുറിച്ച് പ്രചരിക്കുന്നതെങ്കിലും ഇവിടുത്തെ നിഗൂഢതകൾ മറനീക്കി കൊണ്ടുവരാൻ ഇന്നും ആളുകൾ അനധികൃതമായി ദ്വീപിലേക്ക് കടക്കാൻ ശ്രമിക്കാറുണ്ടെന്നുള്ളതാണ് മറ്റൊരു യാഥാർത്ഥ്യം.