ദിലീപ് ചിത്രം തങ്കമണിയുടെ ട്രെയിലർ പുറത്ത്. തങ്കമണി എന്ന ഗ്രാമത്തിന് ഒരു ദിവസം കൊണ്ട് സംഭവിക്കുന്ന പ്രശ്നങ്ങളാണ് ട്രെയിലറിൽ കാണിക്കുന്നത്. രണ്ട് കാലഘട്ടത്തിലെ വേഷപ്പകർച്ചയിൽ ഇത് വരെ കാണാത്ത രൂപത്തിലാണ് ദിലീപ് എത്തിയിരിക്കുന്നത്. ദിലീപിന്റെ 148-ാമത്തെ ചിത്രത്തിനായി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയാണ്. ചിത്രം മാർച്ച് 7-നാണ് തിയേറ്ററുകളിൽ എത്തുന്നത്.
‘ഉടൽ’ എന്ന ചിത്രത്തിന് ശേഷം രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തങ്കമണി’. എൺപതുകളുടെ മധ്യത്തിൽ ഇടുക്കിയിലെ തങ്കമണി എന്ന ഗ്രാമത്തിൽ നടന്ന ഓർമകളാണ് ചിത്രത്തിന്റെ ഇതിവൃത്തം. തങ്കമണി എന്ന ഗ്രാമത്തിൽ ഒരു ബസ് സർവ്വീസുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളെ തുടർന്ന് പോലീസ് ലാത്തിച്ചാർജും വെടിവയ്പ്പും ഉണ്ടായതാണ് സംഭവം.
സൂപ്പർ ഗുഡ് ഫിലിംസിന്‍റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർമീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് ദിലീപിന്‍റെ നായികമാരായി എത്തുന്നത്. കൂടാതെ അജ്മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.















