കൊല്ലം: വാടക വീട്ടിൽ വിൽപ്പനയ്ക്ക് വേണ്ടി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി യുവാവ് പിടിയിൽ. 1.3 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ തൃക്കോവിൽ വട്ടം സ്വദേശി രാജേഷ് പിള്ളയെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വാടക വീട്ടിൽ നിന്നും പ്രതിയെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് അധികൃതർ അറിയിച്ചു.
അതേസമയം ആലപ്പുഴയിൽ 40 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് എക്സൈസ് പിടിയിലായി.അമ്പലപ്പുഴ സ്വദേശി ഷിബുവിനെയാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തത്.