ന്യൂഡൽഹി: ക്രിക്കറ്റിലേക്ക് ഋഷഭ് പന്ത് ഉടൻ മടങ്ങിയെത്തുമെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. താരത്തിന്റെ ഫിറ്റ്നസ് പരിശോധനകൾ പൂർത്തിയായെന്നും ദേശീയ ക്രിക്കറ്റ് അക്കാദമി പന്തിനെ മാർച്ച് അഞ്ചിന് മത്സരത്തിന് സജ്ജനായി പ്രഖ്യാപിക്കുമെന്നും ഗാംഗുലി പറഞ്ഞു. ഐപിഎല്ലിൽ പന്ത് നായകനായ ഡൽഹി ക്യാപിറ്റൽസിന്റെ ഡയറക്ടറാണ് ഗാംഗുലി.
2022 ഡിസംബറിലുണ്ടായ കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ താരം ദീർഘനാളായി ചികിത്സയിലായിരുന്നു. പരിക്കിൽ നിന്ന് മുക്തനായ താരം പിന്നീട് നാഷണൽ അക്കാദമിയിലുൾപ്പെടെ തീവ്ര പരിശീലനം നടത്തിയിരുന്നു. ഡൽഹി ക്യാപിറ്റൽസിന്റെ ട്രയൽസിൽ പങ്കെടുത്ത താരം ഈ ഐപിഎല്ലോടെ ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
” മാർച്ച് അഞ്ചിന് അദ്ദേഹം കളിക്കാൻ സജ്ജനാണെന്ന് പ്രഖ്യാപനമുണ്ടാകും. വലിയ ഭാവിയുള്ള താരമാണ് ഋഷഭ്. എത്രയുംപെട്ടെന്ന് കളിയിലേക്ക് തിരിച്ചെത്തുകയാണ് പ്രധാനം. ക്യാപ്റ്റൻസിയെക്കുറിച്ച് പിന്നീട് ചിന്തിക്കും. സീസൺ ആരംഭിച്ചതിന് ശേഷം മറ്റുകാര്യങ്ങൾ തീരുമാനിക്കും.” -ഗാംഗുലി പറഞ്ഞു.