കൊൽക്കത്ത : 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കൽക്കട്ട ഹൈക്കോടതിയിലെ ജസ്റ്റിസ് പദവി രാജി വച്ച് രാഷ്‌ട്രീയത്തിലേക്കിറങ്ങുമെന്ന് അഭിജിത് ഗംഗോപാധ്യായ . മാർച്ച് 4 തന്റെ അവസാന പ്രവൃത്തി ദിവസമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കിലും, തീർപ്പാക്കാത്ത കേസുകൾ അദ്ദേഹം തീർപ്പാക്കുമെന്നും അതിനുശേഷം അദ്ദേഹം രാഷ്‌ട്രപതിക്ക് ഔദ്യോഗികമായി രാജിക്കത്ത് അയയ്‌ക്കുമെന്നുമാണ് സൂചന . രാഷ്‌ട്രീയത്തിൽ ഇറങ്ങുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി അദ്ദേഹം വ്യക്തമായി പറഞ്ഞിട്ടുണ്ട്.
പശ്ചിമ ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നേതാക്കൾ രാഷ്‌ട്രീയ രംഗത്തേക്ക് വരാൻ തന്നെ നിരന്തരം വെല്ലുവിളിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ എന്തുകൊണ്ട് അതുതന്നെ ചെയ്തുകൂടാ എന്ന് ഞാൻ ചിന്തിച്ചു. അതുകൊണ്ട് രാജിവെക്കാൻ തീരുമാനിച്ചു. ഞാൻ എന്റെ രാജിക്കത്ത് രാഷ്‌ട്രപതിക്ക് അയയ്‌ക്കും – അദ്ദേഹം പറഞ്ഞു.
താൻ രാഷ്‌ട്രീയത്തിൽ ഇറങ്ങുമെന്നും എന്നാൽ ഏത് പാർട്ടിയിൽ ചേരുമെന്ന് പിന്നീട് അറിയിക്കുമെന്നും ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ പറഞ്ഞു. ‘ ആദ്യം ഞാൻ കെട്ടിക്കിടക്കുന്ന എല്ലാ കേസുകളും തീർപ്പാക്കും, അതിനുശേഷം മാത്രമേ ഞാൻ രാജിവെക്കൂ. ഏതെങ്കിലും പാർട്ടി എന്നെ ജനങ്ങളുമായി ബന്ധപ്പെടുത്തിയാൽ, ഞാൻ അതിന്റെ ടിക്കറ്റിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കും, എന്നാൽ ഏത് പാർട്ടിയിൽ നിന്ന് മത്സരിക്കും എന്ന് ഇപ്പോൾ പറയാൻ കഴിയില്ല. ‘ അദ്ദേഹം വ്യക്തമാക്കി.
ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായയുടെ തീരുമാനത്തിന് പിന്നാലെ സംസ്ഥാന രാഷ്‌ട്രീയം ചൂടുപിടിച്ചിരിക്കുകയാണ്. ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ 2018-ലാണ് കൽക്കട്ട ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റത്.















