എറണാകുളം: ‘ഒരു സർക്കാർ ഉത്പന്നം’ സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു. 49 വയസായിരുന്നു. പത്തനംതിട്ടയിലെ വീട്ടിൽ വച്ച് ഹൃദയാഘാതം മൂലമാണ് അന്ത്യം. പടം റിലീസ് ആവാൻ രണ്ട് ദിവസം ബാക്കി നിൽക്കെയാണ് അകാലത്തിലുള്ള അദ്ദേഹത്തിന്റെ വിയോഗം. പത്തനംതിട്ട കടമ്മനിട്ട സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടറായിരുന്നു അദ്ദേഹം.
ടി വി രഞ്ജിത്തിന്റെ സംവിധാനത്തിൽ ഈ മാസം 8നാണ് ഒരു സർക്കാർ ഉത്പന്നം തിയേറ്ററുകളിൽ എത്തുന്നത്. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് ജഗന്നാഥൻ, ടി വി കൃഷ്ണൻ തുരുത്തി, രഘുനാഥൻ കെ സി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. സുബീഷ് സുധി, ഷെല്ലി, അജു വർഗീസ്, ഗൗരി ജി കിഷൻ, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ഈ ചിത്രത്തിന് പുറമെ സക്കറിയയുടെ ഗർഭിണികൾ, ബോംബെ മിഠായി തുടങ്ങിയ സിനിമകൾക്കും തിരക്കഥ ഒരുക്കിയത് നിസാമായിരുന്നു.















