കോഴിക്കോട്: കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി കടന്നുകളയാന്‍ ശ്രമിച്ച യുവാവിനെയും യുവതിയെയും പൊലീസ് സാഹസികമായി പിന്തുടര്‍ന്ന് പിടികൂടി. പേരാമ്പ്ര നൊച്ചാട് പള്ളിച്ചാലില്‍ വി.എം. അഫ്‌നാജ് (27), പാലക്കാട് എടത്തനാട്ടുകര കല്ലിങ്ങല്‍ റിന്‍ഷ ഫാത്തിമ (23) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച കാറില്‍നിന്ന് 11.90 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. എന്‍ഐടിയില്‍ നടക്കുന്ന തത്വ പരിപാടിയുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി പത്തരയോടെ കുന്നമംഗലം പൊലീസ് പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്നു.
ഇതിനിടെ പൊലീസിനെ കണ്ട കാര്‍ നിര്‍ത്താതെ മറ്റൊരു വഴിയിലേക്ക് വേഗത്തില്‍ ഓടിച്ചുപോയി. തുടര്‍ന്ന് എസ്ഐ വി.കെ. ഏലിയാസിന്റെ നേതൃത്വത്തിലുള്ള സംഘം പൊലീസ് ജീപ്പില്‍ കാറിനെ പിന്തുടര്‍ന്നു. എസ്സിപിഒമാരായ പി.സി. ബിജു, അജീഷ്, സിപിഒമാരായ ഷിബില, മുഹമ്മദ് ഷമീര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കട്ടാങ്ങല്‍മാവൂര്‍ റോഡിലൂടെ പോയ കാര്‍ പിന്നീട് കാണാതായി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ എന്‍ഐടി ഹോസ്റ്റലിന് സമീപത്തെ അപ്പാര്‍ട്ട്മെന്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ കാര്‍ നിര്‍ത്തിയിട്ടതായി കണ്ടെത്തി.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
പൊലീസ് കാര്‍ വളഞ്ഞ് നടത്തിയ പരിശോധനയിലാണ് ഡാഷ്ബോര്‍ഡില്‍ ഒളിപ്പിച്ച നിലയില്‍ 11.90 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അഫ്‌നാജിന്റെ പേരില്‍ കാപ്പ കേസ് ഉള്‍പ്പെടെ 11 കേസുകളും റിന്‍ഷ ഫാത്തിമയുടെ പേരില്‍ മൂന്ന് കേസുകളും നിലവിലുണ്ടെന്നാണ് പൊലീസില്‍നിന്ന് ലഭിക്കുന്ന വിവരം. എന്‍ഐടിക്ക് സമീപം എത്തുന്ന വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് വില്‍പ്പന നടത്താനാണ് പ്രതികള്‍ രാസലഹരി എത്തിച്ചതെന്നാണ് ചോദ്യം ചെയ്യലില്‍ വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ എന്‍ഡിപിഎസ് നിയമത്തിലെ 22(സി), 29 വകുപ്പുകള്‍ പ്രകാരം കേസെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.















