കേരളത്തിലും തമിഴ്നാട്ടിലും മികച്ച വിജയം നേടി മുന്നേറുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. 100 കോടി ക്ലബിലും ചിത്രം ഇടംപിടിച്ചിരിക്കുകയാണ്. സാഹസികത നിറഞ്ഞ ജീവിതത്തിൽ ഒരു കൂട്ടം ചെറുപ്പക്കാർ ജീവൻ കൊടുത്ത് പ്രിയ സുഹൃത്തിനെ രക്ഷപ്പെടുത്തുന്നതാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകനായ ചിദംബരം. സിനിമയുടെ വിജയാഘോഷങ്ങളുടെ ഭാഗമായി ദുബായ് അല്‍ ഖുറൈർ സെന്ററിൽ മാദ്ധ്യമപ്രവർത്തകരോടായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.
മഞ്ഞുമ്മൽ ബോയ്സ് ഇത്രവലിയ വിജയമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വിജയമാകണമെന്ന് കരുതി തന്നെയാണ് ഓരോ സിനിമയും ചെയ്യുന്നത്. എന്നാൽ മഞ്ഞുമ്മൽ ബോയ്സിന് ലഭിച്ച സ്വീകാര്യത പ്രതീക്ഷിച്ചതിനേക്കാള്‍ ഏറെ മുകളിലാണ്. അടുത്ത സിനിമ കേരളത്തെ ഒരു ചരിത്ര സംഭവത്തെ ആസ്പദമാക്കിയാണ്. ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇത്. ഹിസ്റ്റോറിക്കൽ പീരീഡ് ഡ്രാമയായാണ് പ്രേക്ഷകർക്കായി ഒരുക്കുന്നത്- ചിദംബരം പറഞ്ഞു.
മലയാളത്തിൽ ഇതുവരെ 100 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രങ്ങളെ അപേക്ഷിച്ച് റിലീസ് ചെയ്ത് ചുരുക്കം ദിവസങ്ങൾ കൊണ്ടാണ് മഞ്ഞുമ്മൽ ബോയ്സ് 100 കോടി ക്ലബ്ബിൽ ഇടം നേടിയത്. 11 ദിവസത്തിനുള്ളിലാണ് മഞ്ഞുമ്മൽ ബോയ്സ് ഈ നേട്ടം കൈവരിച്ചത്. ഇപ്പോഴും തിയേറ്ററിൽ തരംഗമാവുകയാണ് ചിത്രം. ചുരുക്കം ദിവസങ്ങൾ കൊണ്ട് ചിത്രം തമിഴ്നാട്ടിൽ മാത്രം 15 കോടിയാണ് സ്വന്തമാക്കിയത്. ആദ്യമായാണ് ഒരു മലയാള സിനിമയ്ക്ക് മറ്റൊരു സംസ്ഥാനത്ത് ഇത്രയും മികച്ച കളക്ഷൻ ലഭിക്കുന്നത്.